മുസന്ദം ഗവർണറേറ്റിലെ ലിമയിലെ നിയാബാത്തിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്
മസ്കറ്റ്: ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത നാശം. മുസന്ദം ഗവർണറേറ്റിലെ ലിമയിലെ നിയാബാത്തിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടാകുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്തിരുന്നു. കൂടാതെ, റോഡുകൾ തകരുകയും വീടുകൾക്ക് നാശം സംഭവിക്കുകയും ചെയ്തു. മഴയിൽ അൽ ഖാബ, അൽ അഖൂബ്, അൽ അഖ്, അൽ ഗബ്ൻ, ഖാർത്തൂം, അൽ അസ്ഫർ, അൽ ഖസീബ തുടങ്ങിയ വാദികൾ കവിഞ്ഞൊഴുകുകയും ചെയ്തു.
കനത്ത മഴയിൽ ലിമയിലെ നിയാബത്തിൽ നാശനഷ്ടങ്ങളുണ്ടായതായി ഖസബ് മുനിസിപ്പാലിറ്റി ഡയറക്ടർ ഹമദ് ബിൻ ഇബ്രാഹിം അൽ ശൂഹി അറിയിച്ചു. പ്രദേശത്തെ ചില വീടുകൾക്ക് നാശം സംഭവിച്ചതായും ഉൾ റോഡുകൾ തകർന്നതായും ലിമയിൽ ഗതാഗത തടസ്സം നേരിട്ടതായും അദ്ദേഹം പറഞ്ഞു. അൽ സൂർ, അൽ സബാബ, അൽ അഖബ്, അൽ ഹീന എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ ബാധിച്ചത്. പ്രധാന റോഡുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബാധിത പ്രദേശങ്ങളിലെ തകർന്ന റോഡുകൾ പുന:നിർമിച്ച് ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച അൽ ബാത്തിന ഗവർണറേറ്റിലെ നിരവധി വിലായത്തുകളിൽ കനത്ത മഴ ലഭിച്ചിരുന്നു.


