Asianet News MalayalamAsianet News Malayalam

സൗദിയിൽ ചാരിറ്റി ധനസമാഹരണത്തിന് പുതിയ വിലക്കുകളും നിയന്ത്രണങ്ങളും

നിയമം ലംഘിച്ച് സംഭാവനകൾ ശേഖരിക്കുന്ന വ്യക്തിക്ക് അഞ്ച് ലക്ഷം റിയാലിൽ കൂടാത്ത പിഴയോ, രണ്ട് വർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

new restrictions for charity fund raising in saudi arabia
Author
First Published Aug 24, 2024, 6:32 PM IST | Last Updated Aug 24, 2024, 6:32 PM IST

റിയാദ്: ചാരിറ്റബിൾ അസോസിയേഷനുകൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, സംഭാവനകൾ ശേഖരിക്കാൻ ലൈസൻസുള്ള മറ്റ് നോൺപ്രാഫിറ്റ് മേഖലാ ഏജൻസികൾ സൗദിക്കകത്ത് നിന്നുള്ള ചാരിറ്റി ധനസമാഹരണം തുടങ്ങിയവ ബാങ്ക് വഴിയേ സ്വീകരിക്കാവൂയെന്ന് നിബന്ധന. അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച ധനസമാഹരണ വ്യവസ്ഥയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അല്ലാത്ത ചാരിറ്റി ധനസമാഹരണം നിരോധിച്ചിരിക്കുന്നു. ഇനി രാജ്യത്തിന് പുറത്തുനിന്ന് ഫണ്ട് സ്വീകരിക്കുകയാണെങ്കിൽ അതിന് നാഷനൽ സെൻറർ ഫോർ നോൺ പ്രോഫിറ്റ് സെക്ടറിന്റെ അംഗീകാരം വേണം.

ഇനി ഉൽപന്നങ്ങളോ, വസ്തുക്കളോ ആണ് സംഭാവനയായി നൽകുന്നതെങ്കിൽ അത് അംഗീകൃത സൊസൈറ്റിയുടെ ആസ്ഥാനം, ലൈസൻസുള്ള ശാഖകൾ, സൈറ്റുകൾ എന്നിവയിലൂടെ സ്വീകരിക്കാൻ വ്യവസ്ഥ അനുവദിക്കുന്നുണ്ട്. അത് സീരിയൽ നമ്പറുകളിൽ രേഖപ്പെടുത്തുകയും അവയുടെ ഒരു പകർപ്പ് ദാതാവിന് നൽകുകയും വേണം. ധനസമാഹരണ കാമ്പയിൻ ആരംഭിക്കുന്നതിന് മുമ്പ് സംഭാവനകൾ ശേഖരിക്കുന്നതിനുള്ള ലൈസൻസിന് നാഷനൽ സെൻറർ ഫോർ നോൺ-പ്രോഫിറ്റ് സെക്ടർ ഡെവലപ്‌മെൻറിലേക്കോ, മറ്റ് ബന്ധപ്പെട്ട അധികാരികളിലേക്കോ അപേക്ഷ സമർപ്പിക്കാൻ ചാരിറ്റബിൾ അസോസിയേഷനുകളും ബാധ്യസ്ഥരാണ്.

കാമ്പയിനിന്റെ ഉദ്ദേശ്യം, അതിന്റെ ആരംഭം, അവസാന തീയതികൾ, ശേഖരിക്കേണ്ട തുക എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. അപേക്ഷ പഠിച്ച് 30 ദിവസത്തിനുള്ളിൽ തീരുമാനം പുറപ്പെടുവിക്കണമെന്നും വ്യവസ്ഥയിലുണ്ട്. ധനസമാഹരണത്തിനായി പരസ്യം അച്ചടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ അംഗീകൃത സൊസൈറ്റികൾക്ക് സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, മാധ്യമങ്ങൾ, പ്രാദേശിക കമ്യൂണിക്കേഷൻ കമ്പനികൾ, പരസ്യബോർഡുകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നീ മാർഗങ്ങൾ അവലംബിക്കാൻ വ്യവസ്ഥ അനുവദിക്കുന്നുണ്ട്. അസോസിയേഷന്റെ ലൈസൻസ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, വിലാസം, ശാഖകൾ, ഫോൺ നമ്പറുകൾ, സംഭാവനകളുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ അഭ്യർഥനയിൽ ഉൾപ്പെടുത്തണം.
ഇത് ലംഘിക്കുന്ന സാഹചര്യത്തിൽ അസോസിയേഷനോ, ചാരിറ്റബിൾ സ്ഥാപനമോ രണ്ട് ലക്ഷം റിയാലിൽ കവിയാത്ത തുക പിഴയായി ശിക്ഷിക്കപ്പെടും. 

രണ്ടാം തവണ ഇരട്ടിയാകും. ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കിയേക്കുമെന്നും വ്യവസ്ഥയിലുണ്ട്. നിശ്ചിത കാലയളവ് അവസാനിക്കുമ്പോഴോ, ടാർജറ്റ് ചെയ്‌ത തുക ലഭിച്ചാലോ ധനസമാഹരണ കാമ്പയിൻ നിർത്തണമെന്നും വ്യവസ്ഥയിലുണ്ട്. ചാരിറ്റബിൾ സൊസൈറ്റികളും നോൺപ്രോഫിറ്റ് സ്ഥാപനങ്ങളും ധനസമാഹരണ കാമ്പയിൻ അവസാനിച്ച് 15 ദിവസത്തിനുള്ളിൽ ബാങ്ക് സ്റ്റേറ്റ്‌മെൻറും സ്വീകരിച്ച സംഭാവനകളും സംബന്ധിച്ച വിശദമായ സാമ്പത്തിക റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പിന് നൽകണം.
നാഷനൽ സെൻറർ ഫോർ നോൺ-പ്രോഫിറ്റ് സെക്ടർ ഡെവലപ്‌മെന്റിന്റെ അംഗീകാരമില്ലാതെ സംഭാവന ഏത് ആവശ്യത്തിനാണ് ശേഖരിച്ചത് അതിനപ്പുറം മറ്റെന്തെങ്കിലും ആവശ്യത്തിന് അത് ചെലവഴിക്കാൻ വ്യവസ്ഥ അനുവദിക്കുന്നില്ല. സംഭാവന പിരിക്കുമ്പോൾ വ്യവസ്ഥകൾ ലംഘിച്ചാൽ അത് തടയാൻ കേന്ദ്രത്തിന് അവകാശമുണ്ട്. നിയമം ലംഘിച്ച് സംഭാവനകൾ ശേഖരിക്കുന്ന വ്യക്തിക്ക് അഞ്ച് ലക്ഷം റിയാലിൽ കൂടാത്ത പിഴയോ, രണ്ട് വർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. ശിക്ഷാകാലാവധിക്കു ശേഷം സ്വദേശിയെല്ലെങ്കിൽ രാജ്യത്തുനിന്ന് നാടുകടത്തും.

Read Also -  പത്താം ക്ലാസ് പാസായവർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

സംഭാവനകൾ ശേഖരിക്കാൻ ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിനും ഇതേ പിഴയുണ്ടാകും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഇനി സംവിധാനം നിർദിഷ്ട പിഴകൾ വ്യക്തമാക്കാത്ത ലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു ലക്ഷം റിയാലിൽ കൂടാത്ത പിഴ ശിക്ഷ നൽകുമെന്നും ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ അത് ഇരട്ടിയാക്കുമെന്നും വ്യവസ്ഥയിലുണ്ട്. ഒരു അനധികൃത പാർട്ടിക്ക് സംഭാവനകൾ ശേഖരിക്കുന്നതായി പരസ്യങ്ങൾ നൽകുന്നതും ലംഘനമാണ്. ആ മാധ്യമ സ്ഥാപനത്തിന് അഞ്ച് ലക്ഷം റിയാലിൽ കൂടാത്ത പിഴയും ലംഘനം ആവർത്തിച്ചാൽ തുക ഇരട്ടിയാക്കുകയും ചെയ്യും. വ്യവസ്ഥകൾ ലംഘിച്ച് ശേഖരിക്കുന്ന സംഭാവനകൾ സംവിധാനത്തിന്റെ എക്സിക്യൂട്ടിവ് റെഗുലേഷൻസ് വ്യക്തമാക്കിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാമെന്ന് വ്യവസ്ഥയിലുണ്ട്.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുള്ളിലാണിത്. അതോടൊപ്പം സംഭാവനകൾ ശേഖരിക്കുന്ന ദേശീയ ഗവൺമെൻറ് പ്ലാറ്റ്‌ഫോമുകൾക്ക് അവയുമായി ബന്ധപ്പെട്ട നിയന്ത്രണ വ്യവസ്ഥകൾ പ്രത്യേകമായി പ്രസ്താവിച്ചിട്ടില്ലെങ്കിൽ അതിനും സംവിധാനത്തിലെ വ്യവസ്ഥകൾ ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ വിലക്കുകളും നിയന്ത്രണങ്ങളും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിനകം പ്രാബല്യത്തിൽ വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios