ഫ്ലോറിഡ: സ്വപ്നം കണ്ട ജീവിതം തുടങ്ങിയ നവ ദമ്പതികള്‍ ഒരുമിച്ച് പറന്നത് മരണത്തിലേക്ക്...വിവാഹം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമുള്ള യാത്രയില്‍ സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടാണ് ദമ്പതികളായ കോസ്റ്റാസ് ജോണും(30) ലിന്‍ഡ്‌സെ വോഗിലാറും(33) മരണപ്പെട്ടത്. 

യുണൈറ്റഡ് എയര്‍ലൈന്‍സില്‍ പൈലറ്റായ ജോണും വോഗിലാറും ഒരുമിച്ച് നടത്തിയ സാഹസിക വിമാനയാത്രയാണ് ദുരന്തത്തില്‍ അവസാനിച്ചത്. ഫ്‌ലോറിഡയിലെ പോര്‍ട്ട് ഓറഞ്ചില്‍ നിന്നുള്ള ഇരുവരും വിവാഹത്തിനായി തെരഞ്ഞെടുത്തത് കോളറാഡോയിലെ മലമുകളാണ്. വിവാഹ ശേഷം നാല് ദിവസം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ടെലുറൈഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനകം വിമാനം നിലംപൊത്തുകയായിരുന്നു. 

തങ്ങളുടെ സാഹസികമായ വിവാഹത്തിന്‍റെയും അതിന് ശേഷം ഒന്നിച്ചുള്ള ആദ്യ വിമാനയാത്രയുടെയും ദൃശ്യങ്ങള്‍ ഓണ്‍ലൈനായി സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുന്നതിനിടെ ജോണ്‍ നിയന്ത്രിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു.

എയര്‍ലൈന്‍ മേഖലയിലെ ജീവനക്കാരിയായിരുന്നു മരണപ്പെട്ട വോഗിലാറും. വിമാനം അപകടത്തില്‍പ്പെട്ടതിന് യഥാര്‍ത്ഥ കാരണം വ്യക്തമല്ല. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

(ചിത്രങ്ങള്‍ക്ക് കടപ്പാട്- ഡെയ്‍ലി മെയില്‍ ഓണ്‍ലൈന്‍)