ഇത്തരത്തിൽ നിക്കാഹ് നടത്തുന്നതിന് നിശ്ചിത നിബന്ധനകൾ ബാധകമാണ്. പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കണം.
റിയാദ്: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹ കരാറുകൾ (നികാഹ്) നടത്താൻ അനുമതിയുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം മക്കയിലെയും മദീനയിലെയും ഇസ്ലാമിക വിശുദ്ധ ഗേഹങ്ങളിൽ വിവാഹ കരാറുകൾ നടത്താൻ സൗദി അധികൃതർ അനുവാദം നൽകുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ നിക്കാഹ് നടത്തുന്നതിന് നിശ്ചിത നിബന്ധനകൾ ബാധകമാണ്. പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കണം.
ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കി പള്ളികളിൽ ആരാധനക്കെത്തുന്നവർക്ക് ശല്യമുണ്ടാക്കരുത്. കാപ്പി, മധുരപലഹാരങ്ങൾ തുടങ്ങിയ ഭക്ഷണപദാർഥങ്ങൾ ആവശ്യത്തിലധികം കൊണ്ടുവരുന്നത് ഒഴിവാക്കണം. പള്ളിയിൽ വെച്ച് നികാഹ് കർമം നടത്തുന്നത് പ്രവാചകെൻറ കാലം മുതൽ തന്നെ പതിവുള്ളതാണെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മുസായദ് അൽ ജബ്രി പറഞ്ഞു. പ്രവാചകെൻറ പള്ളിയിൽ വിവാഹ കരാർ നടത്തുന്നത് മദീന നിവാസികൾക്കിടയിൽ ഇതിനകം സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല കാരണങ്ങളാലാണ് ഇങ്ങനെ ചെയ്യുന്നത്. വിവാഹിതരാകുന്ന ദമ്പതികളുടെ മിക്ക ബന്ധുക്കളെയും ക്ഷണിക്കേണ്ടതുണ്ടാവും. പലപ്പോഴും വധുവിെൻറ വീട്ടിൽ എല്ലാ ക്ഷണിതാക്കളെയും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ, വിവാഹ കരാർ നടക്കുന്നത് പ്രവാചകെൻറ പള്ളിയിലോ മസ്ജിദു ഖുബായിലോ ഒക്കെ വെച്ചായിരുന്നുവെന്നും മുസായദ് അൽ ജബ്രി കൂട്ടിച്ചേർത്തു.
3,600 റിയാല്‍ വരെ ശമ്പളം; അപേക്ഷ ക്ഷണിച്ചു, ഹജ്ജ് ജോലികൾക്കായി ഇന്ത്യൻ കോൺസുലേറ്റിൽ താൽക്കാലിക നിയമനം
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വിവിധ താത്കാലിക ജോലികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, ഡ്രൈവർ, മെസഞ്ചർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 18 വയസ്സിന് മുകളിലുള്ള സൗദിയിൽ താമസരേഖ (ഇഖാമ) ഉള്ള ഇന്ത്യക്കാര്‍ക്കും സൗദി പൗരന്മാര്‍ക്കും അപേക്ഷിക്കാം. മക്കയിലും മദീനയിലുമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഡാറ്റ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക് എന്നീ തസ്തികകളിൽ 3,600 റിയാലും ഡ്രൈവർ തസ്തികയിൽ 2,880 റിയാലും മെസഞ്ചർ തസ്തികയിൽ 1,980 റിയാലുമാണ് ശമ്പളം. ക്ലർക്ക് തസ്തികയിൽ അപേക്ഷിക്കുന്നതിന് അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷയോടൊപ്പം അറബി ഭാഷാ പരിജ്ഞാനവും ഉള്ളവർക്കാണ് മുൻഗണന. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഡാറ്റ എൻട്രി തസ്തികയിലേക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ ഇന്ത്യൻ കോണ്‍സുലേറ്റിന്റെ https://cgijeddah.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്തെടുക്കണം. കാലാവധിയുള്ള ഇഖാമ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍, സ്‌പോണ്‍സറില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ ലെറ്റര്‍, ഡ്രൈവര്‍ പോസ്റ്റിന് ഡ്രൈവിംങ് ലൈസന്‍സ്, രണ്ട് ഫോട്ടോ എന്നിവ സഹിതം ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് വിഭാഗത്തില്‍ അപേക്ഷ സമർപ്പിക്കണം. ഹജ്ജ് വിഭാഗം, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, പി.ഒ ബോക്സ്: 952, ജിദ്ദ-21421 എന്ന അഡ്രസിൽ അപേക്ഷ പോസ്റ്റ് വഴിക്ക് അയക്കുകയുമാവാം. മാര്‍ച്ച് 14 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
