സൗദി അറേബ്യയിലെ അൽ അഹ്സയിലുള്ള ഉഖൈർ - അൽ ഉയൂൺ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ദാരുണമായ അപകടം ഉണ്ടായി. ഒരു കുടുംബത്തിലെ ഏഴുപേരും മറ്റ് രണ്ട് യുവാക്കളും ഉൾപ്പെടെ ഒമ്പത് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സിവിൽ ഡിഫൻസും റെഡ് ക്രസൻ്റും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ ഗവർണറേറ്റ് പരിധിയിലെ ഉഖൈർ - അൽ ഉയൂൺ റോഡിലുണ്ടായ ഭയാനകമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ ഉൾപ്പെടെ ഒമ്പത് പേർ ദാരുണമായി മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ആദ്യ വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്ന ഏഴംഗ കുടുംബമാണ് അപകടത്തിൽ തത്സമയം മരിച്ചത്.

രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ‘അൽ യൗം’ പത്രത്തെ ഉദ്ധരിച്ച് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ശക്തമായ കൂട്ടിയിടിയിൽ രണ്ട് വാഹനങ്ങളും പൂർണമായി തകർന്നു. എന്നാൽ അപകടത്തിൽപെട്ടവരെ കുറിച്ചുള്ള വ്യക്തി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അപകടവിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ്, റെഡ് ക്രസൻറ്, ട്രാഫിക് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ വിദഗ്ധ സംഘങ്ങൾ ശ്രമിച്ചെങ്കിലും, വാഹനങ്ങളിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ ഔദ്യോഗിക നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിെൻറ കൃത്യമായ കാരണത്തെക്കുറിച്ചോ മറ്റ് സാഹചര്യങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അൽ അഹ്സ ഗവർണറേറ്റിെൻറ പ്രധാന ഭാഗങ്ങളെ തീരദേശ മേഖലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതകളിലൊന്നാണ് ഉഖൈർ - അൽ ഉയൂൺ റോഡ്.