വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറയ്ക്കാനും ചിലതിന് ഫീസുകള്‍ ഒഴിവാക്കാനുമുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

മസ്‌കറ്റ്: ഒമാനില്‍ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വര്‍ഷം അവസാനം വരെ നിലനിര്‍ത്താനും വില വര്‍ധനവ് തടയാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം വസാനം വരെ ഈ ആനുകൂല്യത്തില്‍ എണ്ണ ലഭ്യമാകും. ദേശീയ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ താരിഖ് അധ്യക്ഷത വഹിച്ചു.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറയ്ക്കാനും ചിലതിന് ഫീസുകള്‍ ഒഴിവാക്കാനുമുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2012 ബാച്ചിലെ ഒമാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കാനും സുല്‍ത്താന്‍ ഉത്തരവിട്ടു. സിവില്‍ സര്‍വീസ് സ്‌കീമിലും മറ്റ് വിഭാഗങ്ങളിലും ഉള്‍പ്പെട്ട യോഗ്യരായവര്‍ക്കാണ് പ്രമോഷന്‍ ലഭിക്കുക. തൊഴില്‍ നഷ്ടപ്പെട്ട ഒമാനി ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ വരെ തൊഴില്‍ സുരക്ഷ നല്‍കാനും സുല്‍ത്താന്‍ ഉത്തരവിട്ടു. സുല്‍ത്താന്‍ സായുധസേനയില്‍ നിന്ന് വിരമിച്ചവരുടെ ഭവന വായ്പകള്‍ ഒഴിവാക്കും. 450 റിയാലില്‍ താഴെ മാസ വരുമാനമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 

Read More - ലോകകപ്പ് ; പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍

അതേസമയം യുഎഇയില്‍ നവംബര്‍ മാസം ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്. സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് ആണ് വർധിപ്പിച്ചത്. ഇതോടെ സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 92 ഫിൽസിൽ നിന്ന് മൂന്നു ദിർഹം 20 ഫിൽസ് ആയി. 

സൂപ്പർ 98 വിഭാഗത്തിലുള്ള പെട്രോൾ ലിറ്ററിനു 39 ഫിൽസ് വർധിച്ചു മൂന്ന് ദിർഹം 32 ഫിൽസ് ആയി. 2.85 ദിർഹമായിരുന്ന ഇ പ്ലസ് പെട്രോളിന് 3.13 ദിർഹമായിരിക്കും നവംബർ മാസത്തെ നിരക്ക്. ഡീസലിന്റെ വിലയിൽ 25 ഫിൽസ് ആണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഡീസൽ വില 3.76 ദിർഹത്തിൽ നിന്ന് നാലു ദിർഹം ഒരു ഫിൽസ് ആയി. തുടർച്ചയായി നാലു മാസം വില കുറച്ച ശേഷമാണ് യുഎഇയിൽ ഇന്ധന വില വർധിപ്പിക്കുന്നത്. 2015 ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാര്‍ച്ച് മാസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.

Read More - ദേശീയദിനം; ഒമാനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു