വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധി ലഭിക്കും.

മസ്‍കറ്റ്: ഒമാന്റെ അൻപത്തി രണ്ടാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. നവംബർ 30 (ബുധൻ), ഡിസംബർ ഒന്ന് (വ്യാഴം) എന്നീ ദിവസങ്ങളായിരിക്കും അവധി. രാജ്യത്തെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ നാലാം തീയ്യതിയായിരിക്കും പിന്നീടുള്ള പ്രവൃത്തി ദിനമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Scroll to load tweet…

ദേശീയ ദിനാഘോഷ ഭാഗമായുള്ള സൈനിക പരേഡ് ഇത്തവണ സലാലയിലായിരിക്കും നടക്കുക. നവംബർ 18 വെള്ളിയാഴ്ച സലാല അൽ നാസർ സ്‌ക്വയറിൽ നടക്കുന്ന പരേഡില്‍ സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് അഭിവാദ്യം സ്വീകരിക്കും. റോയൽ ഒമാൻ എയർഫോഴ്‌സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്‍ സ്‍പെഷ്യല്‍ ഫോഴ്‍സസ്, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്‌സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.

ഭരണാധികാരിക്ക് അഭിവാദ്യം അര്‍പ്പിച്ചും രാജ്യം കൈവരിച്ച പുരോഗതിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചും രാജ്യത്ത് ഇതിനോടകം തന്നെ ദേശീയ ദിനാഘോഷം തുടങ്ങിക്കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയ ശേഷമെത്തുന്ന ദേശീയ ദിനമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സ്വദേശികള്‍ക്കൊപ്പം രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളും ആഘോഷ പരിപാടികളില്‍ സജീവമാണ്.

Read also: ഒമാനില്‍ ഈ മാസം 30 വരെ വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കാന്‍ അനുമതി