കൊളസ്ട്രോൾ, ഹീമോ​ഗ്ലോബിൻ, ഹൃദയമിടിപ്പ്, രക്ത സമ്മർദം, സ്ട്രസ് ലെവല്‍ തുടങ്ങിയവ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അറിയാന്‍ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗപ്പെടുത്തിയുള്ള `ബയോസൈൻസ്' സംവിധാനം വഴിയാണ് വ്യക്തി​ഗത ആരോ​ഗ്യ വിവരങ്ങൾ അറിയാൻ സാധിക്കുന്നത്.

ദുബായ്: ഇനി മെഡിക്കൽ ലാബുകൾ സന്ദർശിക്കാതെ സ്മാർട്ട് ഫോണുകൾ വഴി യുഎഇയിലുള്ളവർക്ക് ആരോ​ഗ്യ പരിശോധനകൾ നടത്താം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗപ്പെടുത്തിയുള്ള `ബയോസൈൻസ്' സംവിധാനം വഴിയാണ് സ്മാർട്ട് ഫോണുകളും ടാബ്ലറ്റും ഉപയോ​ഗിച്ച് വ്യക്തി​ഗത ആരോ​ഗ്യ വിവരങ്ങൾ അറിയാൻ സാധിക്കുന്നത്. ദുബായിൽ നടന്ന അറബ് ഹെൽത്ത് 2025 മെഡിക്കൽ എക്സ്പോയിലാണ് ആരോ​ഗ്യ മന്ത്രാലയം ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. 

സ്മാർട്ട് ഫോണുകളിലെ കാമറകൾ ഉപയോ​ഗിച്ച് കൊളസ്ട്രോൾ, ഹീമോ​ഗ്ലോബിൻ, ഹൃദയമിടിപ്പ്, രക്ത സമ്മർദം, സമ്മർദത്തിന്റെ അളവ് തുടങ്ങിയവയുടെ സൂചകങ്ങൾ അളക്കാൻ സാധിക്കുന്നു. കൂടാതെ, മുഖം നിരീക്ഷിച്ച് ചർമത്തിന്റെ നിറത്തിലുള്ള മാറ്റം, ചർമത്തിനടിയിലൂടെയുള്ള രക്തപ്രവാഹം എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ച് രോ​ഗികൾക്ക് കൃത്യമായ ഹെൽത്ത് റീഡിങ്ങുകളും നൽകുന്നു. രാജ്യത്തെ ആരോ​ഗ്യ സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ആരോ​ഗ്യ മന്ത്രാലയത്തിന്റെ പ്രതിബന്ധതയുടെ ഭാ​ഗമായാണ് ഈ പദ്ദതി പ്രഖ്യാപിച്ചത്. യുഎസ് ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. 

Read also: യുഎഇയിൽ ഇന്ന് വിവിധയിടങ്ങളിൽ മഴക്ക് സാധ്യത

ഹെൽത്ത് മോണിറ്ററിങ് കൂടുതൽ ലളിതമാക്കുന്നതിനും ഇടയ്ക്കിടെയുള്ള ലാബ് സന്ദർശനങ്ങളുടെയും ചെലവേറിയ മെഡിക്കൽ പരിശോധനകളുടെയും ആവശ്യകത കുറയ്ക്കുന്നതിനും വേണ്ടിയാണ് ബയോസൈൻസ് സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരു സ്മാർട്ട്ഫോൺ ആപ്പ് അല്ലെങ്കിൽ വെബ് പ്ലാറ്റ്ഫോം വഴി തൽക്ഷണം ലഭ്യമായ പരിശോധന ഫലങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ഹെൽത്ത് എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ കഴിയും. ബയോസൈൻസ് എഐ സംവിധാനം വിശ്വാസ യോ​ഗ്യമാണെന്നും ഉപയോക്താക്കൾക്ക് അവരുടെ ആരോ​ഗ്യം സംബന്ധിച്ച കൃത്യമായ വിവരങ്ങളാണ് നൽകുന്നതെന്നും സ്മാർട്ട് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സാറ ബിൻ ഷഹീൻ പറഞ്ഞു.