ക്ലോറേറ്റ് അടങ്ങിയ കൊക്കക്കോള ഉൽപ്പന്നങ്ങൾ കുവൈത്ത് വിപണിയിലെത്തിയിട്ടില്ലെന്നും രാജ്യത്തെ വിപണികളിൽ ലഭ്യമായതൊക്കെ പ്രാദേശികമായി നിർമിച്ചതാണെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നൂട്രീഷൻ ഉറപ്പുനല്‍കി
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിപണികളിൽ ലഭ്യമായ കൊക്കക്കോള ഉൽപ്പന്നങ്ങൾ ഉപയോഗത്തിന് യോഗ്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നൂട്രീഷൻ അറിയിച്ചു. ഉയർന്ന ക്ലോറേറ്റ് അളവ് കാരണം ചില യൂറോപ്യൻ രാജ്യങ്ങൾ അവരുടെ വിപണിയിൽ നിന്നും കൊക്കക്കോള ഉൽപ്പന്നങ്ങൾ പിൻവലിച്ചിരുന്നു. ക്ലോറേറ്റ് അടങ്ങിയ കൊക്കക്കോള ഉൽപ്പന്നങ്ങൾ കുവൈത്ത് വിപണിയിലെത്തിയിട്ടില്ലെന്നും രാജ്യത്തെ വിപണികളിൽ ലഭ്യമായതൊക്കെ പ്രാദേശികമായി നിർമിച്ചതാണെന്നും അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
അതേസമയം. ബെൽജിയത്തിന്റ പ്രൊഡക്ഷൻ പ്ലാന്റുകളിൽ കുപ്പികളിലും കാനുകളിലും ആരോഗ്യത്തിന് ഹാനികരമായ ക്ലോറേറ്റിന്റെ സാന്നിധ്യം ഉയർന്ന അളവിൽ കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽനിന്നും കൊക്കക്കോള ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചിരുന്നു. കൊക്കക്കോള, ഫാന്റ, സ്പ്രൈറ്റ്, മിനുട്ട് മെയ്‍ഡ്, ഫ്യൂസ് ടീ തുടങ്ങിയ 328GE മുതൽ 338GE വരെ പ്രൊഡക്ഷൻ കോഡുകളുള്ള ശാതളപാനീയങ്ങളാണ് ബെൽജിയം, ലക്സംബർഗ്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്ന് കമ്പനി തിരിച്ചുവിളിച്ചത്. ഫ്രാൻസ്, ജർമനി, ഗ്രേറ്റ് ബ്രിട്ടൺ തുടങ്ങിയ യാറോപ്യൻ വിപണികളിൽ വളരെ ചെറിയ അളവിൽ മാത്രമേ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുള്ളൂവെന്നും ഈ രാജ്യങ്ങളിൽ ഒരു കൊക്കക്കോള ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചിട്ടില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
വെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന ക്ലോറിൻ അണുനാശിനികളിൽ നിന്നുമാണ് ക്ലോറേറ്റ് ഉണ്ടാകുന്നത്. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുവാണിത്. ക്ലോറേറ്റ് സാന്നിധ്യമടങ്ങിയ പ്രൊഡക്ഷൻ കോഡുകളുള്ള പാനീയങ്ങൾ ലഭ്യമായാൽ അവ ഉപയോഗിക്കരുതെന്നും വിൽപ്പന നടത്തിയ സ്ഥലത്തുതന്നെ തിരിച്ചുനൽകി റീഫണ്ട് കൈപ്പറ്റണമെന്നും കമ്പനി അധികൃതർ അറിയിച്ചു.
