സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള ബലിപെരുന്നാൾ അവധിയാണ് ഒമാനിൽ പ്രഖ്യാപിച്ചത്.
മസ്കറ്റ്: ഒമാനില്‍ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിന്‍ താരിഖിന്‍റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ബലിപെരുന്നാൾ അവധി ലഭിക്കുക. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ജൂൺ ആറിനാണ് ഒമാനിൽ ബലിപെരുന്നാൾ. അതേസമയം സൗദി അറേബ്യയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. നാല് ദിവസമാണ് സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി ലഭിക്കുക.
അറഫ ദിനമായ ജൂൺ 5 മുതലാണ് അവധി ആരംഭിക്കുന്നത്. ജൂൺ എട്ട് ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. അവധിക്ക് ശേഷമുള്ള ഔദ്യോഗിക പ്രവൃത്തി ദിവസം ജൂൺ 9ന് ആരംഭിക്കും. അതേസമയം യുഎഇയില്‍ പൊതുമേഖലയ്ക്ക് ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് അധികൃതരാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ജൂൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും.


