മസ്‍കത്ത്:  ഒമാനിൽ ഇന്ന് 27 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 484 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

രാജ്യത്ത് സ്ഥിര താമസക്കാരായ എല്ലാ വിദേശികളും കൊവിഡ് 19 പരിശോധനക്ക് വിധേയമാകണമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരിശോധനയും ചികിത്സയും എല്ലാവര്‍ക്കും സൗജന്യമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരും  രേഖകളുടെ  കാലാവധി കഴിഞ്ഞവരുമായ  വിദേശികളും ഈ പരിശോധന നടത്തണമെന്നും  ഒമാൻ സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

മതിയായ  രേഖകളില്ലാത്തതിന്റെ പേരില്‍ ആര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കില്ലെന്നാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒമാനിൽ  താമസിച്ചു വരുന്ന എല്ലാ വിദേശികളും പരിശോധനില്‍ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം  വാർത്തകുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.