ഒമാനിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഒക്ടോബർ 3 ശനിയാഴ്ച വരെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ തീരദേശ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.
മസ്കറ്റ്: അറേബ്യൻ കടൽത്തീര മേഖലകളിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം മൂലം ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഒക്ടോബർ 3 ശനിയാഴ്ച വരെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ തീരദേശ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.
പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും മഴയും കാരണം റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. മലവെള്ളപ്പാച്ചിലിനും വാദികൾ നിറഞ്ഞു കവിയുന്നതിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകൾ കൃത്യമായി പിന്തുടരണമെന്നും വാദികൾ മുറിച്ചുകടക്കാനോ ഇറങ്ങാനോ ശ്രമിക്കരുതെന്നും ജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു.


