ശനിയാഴ്‍ച വൈകുന്നേരമാണ് ഒമാൻ ഭരണാധികാരി   സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തി അനുശോചനം അറിയിച്ചത്.

അബുദാബി: വെള്ളിയാഴ്‍ച അന്തരിച്ച യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ഒമാന്‍ ഭരണാധികാരി യുഎഇയിലെത്തി. ശനിയാഴ്‍ച വൈകുന്നേരമാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തി അനുശോചനം അറിയിച്ചത്.

സുല്‍ത്താന് പുറമെ ഒമാൻ ക്യാബിനറ്റ്കാര്യ ഉപപ്രധാനമന്ത്രി ബിൻ മഹ്മൂദ് അൽ സെയ്ദ്, സുൽത്താന്റെ പ്രത്യേക ദൂതൻസയ്യിദ് ഫതേക് ബിൻ ഫഹർ അൽ സെയ്ദ്, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഗവർണേഴ്സ് ബോർഡ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് അൽ സെയ്ദ്, ബെലാറബ് ബിൻ ഹൈതം അൽ സയീദ്, ദിവാൻ ഓഫ് ദി റോയൽ കോർട്ട് സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, യുഎഇയിലെ ഒമാൻ അംബാസഡര്‍ അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി, തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു. നിയുക്ത യുഎഇ പ്രസിഡന്റും അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ സന്ദര്‍ശിച്ച ഒമാന്‍ ഭരണാധികാരിയും സംഘവും അദ്ദേഹത്തോടും അബുദാബി രാജകുടുംബാംഗങ്ങളോടും അനുശോചനം അറിയിച്ചു.