ഒമാനിലെ റാസ് അൽ ഹദ്ദ് വന്യജീവി സങ്കേതത്തിൽ ആമകളെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് വിദേശികൾക്ക് കോടതി ശിക്ഷ വിധിച്ചു. വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

മസ്‌കറ്റ്: ഒമാനിലെ പ്രശസ്തമായ റാസ് അൽ ഹദ്ദ് വന്യജീവി സങ്കേതത്തിൽ മുട്ടയിടാനെത്തിയ ആമകളെ ഉപദ്രവിക്കുകയും അതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് വിദേശികൾക്ക് കോടതി ശിക്ഷ വിധിച്ചു. വാദിം, ഒലേന എന്നീ രണ്ട് വിദേശപൗരന്മാർക്കാണ് സൂറിലെ പ്രാഥമിക കോടതി തടവുശിക്ഷയും പിഴയും ചുമത്തിയത്. കടൽത്തീരത്തിലൂടെ നീങ്ങുകയായിരുന്ന വലിയ ആമകളുടെ പുറത്തുകയറുകയും ചെറിയ ആമകളെ കൈയിലെടുത്ത് ശല്യപ്പെടുത്തുകയും ചെയ്തതായി പ്രോസിക്യൂഷൻ കണ്ടെത്തി. തുടർന്ന് ഈ ദൃശ്യങ്ങൾ പകർത്തി ഒന്നാം പ്രതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയായിരുന്നു.

പൊതുജന ക്രമത്തിന് വിരുദ്ധമായ ഉള്ളടക്കം വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് പ്രചരിപ്പിച്ചതിനാണ് ഇരുവർക്കും ഒരു മാസം വീതം തടവും 100 ഒമാനി റിയാൽ വീതം പിഴയും വിധിച്ചത്. ഇവരുടെ തടവുശിക്ഷ പിന്നീട് സസ്പെൻഡ് ചെയ്തു. വന്യജീവികളെയും സങ്കേതങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു. അപൂർവ ജീവിവർഗ്ഗങ്ങളെ ഉപദ്രവിക്കുന്ന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെയും രാജ്യത്തെ നിയമങ്ങൾ മാനിച്ചും ഉപയോഗിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.