റിയാദ്: നടുറോഡില്‍ സിംഹത്തിനൊപ്പം നടന്നയാളെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജിദ്ദയിലെ ഒരു പ്രധാനറോഡിലായിരുന്നു ഇയാള്‍ സിംഹവുമായി നടക്കാനിറങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കഫറ്റീരിയക്ക് സമീപമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരിലാരോ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

സിംഹത്തിന്റെ 'ഉടമയായ' സൗദി പൗരനെ പൊലീസ് പട്രോള്‍ സംഘം അറസ്റ്റ് ചെയ്തു. തന്റെ കാറിലാണ് ഇയാള്‍ സിംഹത്തെ കൊണ്ടുവന്നതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സിംഹത്തെ മുനിസിപ്പല്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. നിയമവിരുദ്ധമായി വന്യമൃഗങ്ങളെ വളര്‍ത്തുന്നതും വാഹനങ്ങളിലും മറ്റും അവയെ കൊണ്ടുപോകുന്നതിനുമെതിരെ സൗദി വന്യജീവി കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വീടുകളിലോ ഫാം ഹൗസുകളിലോ വന്യമൃഗങ്ങളെ വളര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്നും അറിയിപ്പില്‍ പറയുന്നു.