കുവൈത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു അപകടമെന്നും എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ലെന്നുമാണ് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ക്രൂയിസ് ബോട്ട് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് കടലില്‍വെച്ച് സൗദി അറേബ്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ക്രൂയിസര്‍ ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കുവൈത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു അപകടമെന്നും എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ലെന്നുമാണ് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

പരിക്കേറ്റ നാല് പേരെ സൗദി കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ രക്ഷപ്പെടുത്തി സൗദി അരാംകോ ആശുപത്രിയിലേക്ക് മാറ്റി. സംഭവമുണ്ടായ ഉടന്‍ തന്നെ സൗദി കോസ്റ്റ് ഗാര്‍ഡുമായും കുവൈത്തി കോസ്റ്റ് ഗാര്‍ഡുമായും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവെന്ന് സൗദി അറേബ്യയിലെ കുവൈത്ത് എംബസി പ്രതികരിച്ചു. മരണപ്പെട്ടയാളുടെ മൃതദേഹം കുവൈത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് സൗദി അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കുവൈത്ത് എംബസി അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.