ലാസ് വേഗസ്: ദീര്‍ഘസമയം കാറിനകത്ത് കുടുങ്ങിയ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. കുഞ്ഞിനെ രക്ഷിക്കുന്നതിനായി കാറിന്റെ ഗ്ലാസ് തുറക്കാന്‍ വിസമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അമേരിക്കയിലെ ലാസ് വേഗസില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. കാറിനകത്ത് തന്റെ ഒരു വയസ്സുകാരിയായ മകള്‍ കുടുങ്ങിയെന്നും വാഹനത്തിന്റെ താക്കോല്‍ ഇതിനുള്ളിലാണ്, ഗ്ലാസ് തുറക്കാന്‍ സാധിക്കുന്നില്ലെന്നും 27കാരനായ സിഡ്‌നി ഡീല്‍ സഹോദരനെ വിളിച്ച് അറിയിച്ചു. കാറിനുള്ളില്‍ എസി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇയാള്‍ സഹോദരനോട് പറഞ്ഞിരുന്നു. സഹോദരന്‍ സ്ഥലത്തെത്തി കാറിന്റെ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഡീല്‍ ഇത് തടഞ്ഞു. ഗ്ലാസ് തകര്‍ത്താല്‍ പുതിയത് വാങ്ങാനുള്ള പണം തന്‍റെ കൈവശം ഇല്ലെന്ന് പറഞ്ഞ ഡീല്‍ പൂട്ട് തുറക്കാനായി ഒരു വിദഗ്ധനെ അയയ്ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയെ വിളിച്ചറിയിക്കാന്‍ സഹോദരനോട് പറഞ്ഞു.

‍ഡീലിന്‍റെ പങ്കാളി ഇന്‍ഷുറന്‍സ് കമ്പനിയെ വിളിച്ചെങ്കിലും പൂട്ട് തുറക്കാനെത്തുന്ന ആള്‍ക്ക് നല്‍കേണ്ട പണം സംബന്ധിച്ച് തര്‍ക്കമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആവശ്യപ്പെട്ട പണം നല്‍കാന്‍ ഡീല്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസെത്തി കാറിന്റെ വിന്‍ഡോ തുറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഇവര്‍ വിന്‍ഡോ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴും ഡീല്‍ എതിര്‍ത്തു. എന്നാല്‍ ബലപ്രയോഗത്തിലൂടെ പൊലീസ് ഗ്ലാസ് തകര്‍ത്ത് കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു.

കുഞ്ഞിന്റെ മരണത്തിന് കാരണമായത് ഡീലിന്റെ അശ്രദ്ധയാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഒരു മണിക്കൂറോളം കാറിനുള്ളിലെ ചൂടില്‍ കുട്ടി കഴിയേണ്ടി വന്നെന്നാണ് അധികൃതര്‍ പറയുന്നത്.