സൗദി അറേബ്യയിൽ റിക്രൂട്ട്മെന്റ് നയങ്ങൾ ലംഘിച്ച 67 സ്ഥാപനങ്ങൾക്കെതിരെ മാനവവിഭവശേഷി മന്ത്രാലയം കർശന നടപടിയെടുത്തു. 66 ഓഫീസുകളുടെ പ്രവർത്തനം നിർത്തിവെക്കുകയും ഒന്നിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. സുരക്ഷിതമായ ഇടപാടുകൾക്ക് 'മുസാനിദ്' പ്ലാറ്റ്ഫോം ഉപയോഗിക്കാൻ മന്ത്രാലയം നിർദേശിച്ചു.
റിയാദ്: റിക്രൂട്ട്മെന്റ് നയങ്ങളും തൊഴിലാളി സേവന വ്യവസ്ഥകളും ലംഘിച്ചതിനെ തുടർന്ന് സൗദി അറേബ്യയിൽ 66 റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവർത്തനം ഉടനടി നിർത്തിവെപ്പിക്കുകയും മറ്റൊരു ഓഫീസിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 2026-ന്റെ മൂന്നാം പാദത്തിൽ രാജ്യത്തെ വിവിധ റിക്രൂട്ട്മെന്റ് ഓഫീസുകളിലും കമ്പനികളിലും മന്ത്രാലയം നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഈ നിർണായക നടപടി. തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ തടയുക, സേവനങ്ങൾ ക്രമീകരിക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റിക്രൂട്ട്മെന്റ്, തൊഴിലാളി സേവനങ്ങൾ എന്നിവ നൽകുന്നതിൽ വീഴ്ച വരുത്തുക, ഉപഭോക്താക്കൾക്ക് തിരികെ നൽകാനുള്ള തുക നൽകുന്നതിൽ കാലതാമസം വരുത്തുക, ലഭിച്ച പരാതികളിൽ സമയബന്ധിതമായി പരിഹാരം കാണാതിരിക്കുക തുടങ്ങിയ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ആകെ 67 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചത്. റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ തുടർന്നും ശക്തമായ നിരീക്ഷണവും പരിശോധനകളും ഉറപ്പുവരുത്തുമെന്നും, വീഴ്ച വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകളുമായും കമ്പനികളുമായും മാത്രം ഇടപാടുകൾ നടത്താൻ ഔദ്യോഗിക ഡിജിറ്റൽ സംവിധതമായ 'മുസാനിദ്' പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു. മുസാനിദ് വഴി സുരക്ഷിതമായി കരാറുകളിൽ ഏർപ്പെടാനും, സ്ഥാപനങ്ങളുടെ സേവനങ്ങൾ വിലയിരുത്താനും, അപേക്ഷകളുടെ നിലവിലെ സ്ഥിതി പിന്തുടരാനും സാധിക്കും. സേവനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 920002866 എന്ന ഏകീകൃത നമ്പറിലൂടെയോ സ്മാർട്ട്ഫോണുകളിൽ ലഭ്യമായ 'മുസാനിദ്' ആപ്പ് വഴിയോ പൊതുജനങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.














