എന്നാല്‍ പ്രവാസികളില്‍ നിന്ന് ഇത്തരത്തില്‍ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രവാസികളും സ്വദേശികളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇതിലൂടെ ഉണ്ടാകുമെന്ന് വിവിധ കോണുകളില്‍ നിന്ന് ആളുകള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സകളുടെ ഭാഗമായി രക്തം സ്വീകരിക്കേണ്ടി വരുന്ന പ്രവാസികളില്‍ നിന്ന് ഓരോ രക്ത ബാഗിനും 20 ദിനാര്‍ (5300ല്‍ അധികം ഇന്ത്യന്‍ രൂപ) വീതം ഈടാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. രക്തോ രക്തഘടകമോ സ്വീകരിക്കേണ്ടി വരുന്ന പ്രവാസികള്‍ ഓരോ രക്ത ബാഗിനും 20 ദിനാര്‍ വീതവും ഇതിന് പുറമെ ലബോറട്ടറി പരിശോധനാ ചെലവുകളും ഫീസായി അടയ്ക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ അത്യാഹിത സാഹചര്യങ്ങളെയും ക്യാന്‍സര്‍ രോഗികളെയും മാനുഷിക പരിഗണന ലഭിക്കേണ്ട കേസുകളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രക്തം നല്‍കാന്‍ ഒരു സുഹൃത്തോ ബന്ധുവോ തയ്യാറായാലും ഫീസ് ഈടാക്കില്ലെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
എന്നാല്‍ പ്രവാസികളില്‍ നിന്ന് ഇത്തരത്തില്‍ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രവാസികളും സ്വദേശികളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇതിലൂടെ ഉണ്ടാകുമെന്ന് വിവിധ കോണുകളില്‍ നിന്ന് ആളുകള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചു. രക്ത ബാങ്കുകളില്‍ രക്തം കുറയുമ്പോള്‍ എല്ലാവരോടും രക്തം ദാനം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെടാറുണ്ട്. രാജ്യത്തെ രക്ത ദാതാക്കളില്‍ 65 ശതമാനം പേരും പ്രവാസികളുമാണ്.
രക്തദാനം എന്ന് പറഞ്ഞ് പ്രവാസികളില്‍ നിന്ന് രക്തം സ്വീകരിക്കുകയും എന്നാല്‍ അവര്‍ക്ക് രക്തം ആവശ്യം വരുമ്പോള്‍ അതിന് പണം വാങ്ങുകയും ചെയ്യുന്നത് നീതീകരിക്കാവില്ലെന്ന് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല രക്തം ദാനം ചെയ്യാന്‍ ആളുണ്ടെങ്കില്‍ പണം ഈടാക്കില്ലെന്ന് തീരുമാനിച്ചാല്‍ ആളുകള്‍ സ്വമേധയാ രക്തം ദാനം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും തന്റെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ആവശ്യമുള്ളപ്പോള്‍ മാത്രം രക്തം നല്‍കാമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
