രേഖകളില്ലാതെ കുവൈത്തിൽ തങ്ങിയ പാകിസ്ഥാൻ പൗരൻ പിടിയിൽ. പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് തിരിച്ചറിയൽ രേഖകളൊന്നുമില്ലെന്ന് വ്യക്തമായത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ തിരിച്ചറിയൽ രേഖകളില്ലാതെ തങ്ങിയ മുപ്പത്തിരണ്ടുകാരനായ പാകിസ്ഥാൻ പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മുബാറക് അൽ-കബീർ ഗവർണറേറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് തിരിച്ചറിയൽ രേഖകളൊന്നുമില്ലെന്ന് വ്യക്തമായത്.
തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ, പണം നൽകി മനുഷ്യക്കടത്ത് സംഘങ്ങൾ വഴിയാണ് താൻ കുവൈത്തിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയതെന്ന് ഇയാൾ സമ്മതിച്ചു. തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.


