വിമാന ടിക്കറ്റ് നിരക്കിൽ ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം ഇളവ് നല്‍കുമെന്നാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് എയര്‍പോര്‍ട്ടിൽ അസാധാരണമായൊരു സംഭവം നടന്നത്.

കുവൈത്ത് സിറ്റി: വിമാന ടിക്കറ്റ് നിരക്കുകളില്‍ ഇളവുകളും ഓഫറുകളും പ്രഖ്യാപിക്കുന്ന സമയങ്ങളില്‍ യാത്രകള്‍ക്കായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് പണം ലാഭിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വിമാനയാത്രയുടെ ചെലവ് കുറയ്ക്കാൻ നിങ്ങൾ ഏത് അറ്റം വരെ പോകും? വളരെ അസാധാരണമായ ഒരു കാഴ്ചക്കാണ് കഴിഞ്ഞ ദിവസം കുവൈത്ത് എയര്‍പോര്‍ട്ട് സാക്ഷ്യം വഹിച്ചത്. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കുമെന്ന പ്രത്യേക പ്രഖ്യാപനം കുവൈത്ത് എയര്‍വേസ് നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് എയര്‍പോര്‍ട്ടിൽ അസാധാരണമായൊരു സംഭവം നടന്നത്. ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേർ ഈ ഇളവ് ലഭിക്കുന്നതിനായി തങ്ങള്‍ ഭിന്നശേഷിക്കാരാണെന്ന് അവകാശപ്പെട്ട് കൂട്ടത്തോടെ വീൽചെയറുകളില്‍ എത്തുകയായിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇന്ത്യക്കാരടക്കമുള്ള ഏഷ്യന്‍ വംശജരായ തൊഴിലാളികളാണ് ഇത്തരത്തില്‍ കൂട്ടത്തോടെ വീൽ ചെയറിലെത്തിയതെന്നാണ് സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്. ആളുകള്‍ വീല്‍ചെയറുകളില്‍ എയര്‍പോര്‍ട്ടിലെ എയര്‍ലൈന്‍ കൗണ്ടറുകള്‍ക്ക് മുമ്പിലെത്തുന്നത് വീഡിയോയില്‍ കാണാം.

അസാധാരണമായ രീതിയില്‍ നിരവധി പേര്‍ വീല്‍ചെയറുകളില്‍ എത്തിയതോടെ എയര്‍പോര്‍ട്ട് ജീവനക്കാരും മറ്റ് യാത്രക്കാരും അമ്പരന്നു. ഇതിന്‍റെ വീഡിയോയാണ് എക്സ് പ്ലാറ്റ്ഫോമിലടക്കം പ്രചരിച്ചത്. ഇന്ത്യക്കാർ ഈ ഇളവ് ദുരുപയോഗം ചെയ്യുന്നു എന്നാണ് ആരോപണം.

Scroll to load tweet…