അബുദാബി: 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും യുഎഇയില്‍ സേഹ സെന്ററുകള്‍ വഴി ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ ലഭ്യമാവും. രാജ്യത്തെ എല്ലാ ഡ്രൈവ് ത്രൂ വാക്സിന്‍ സെന്ററുകളിലും മറ്റ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലുമെല്ലാം വാക്സിന്‍ ലഭ്യമാവുമെന്നാണ് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സേഹ) അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അബുദാബി, ദുബൈ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ 60 സെന്ററുകള്‍ വഴി ഫൈസര്‍ ബയോഎന്‍ടെക് വാക്സിനും സിനോഫാം വാക്സിനും നല്‍കിവരികയാണ്. 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുമ്പോള്‍ സിനോഫാം വാക്സിന്‍ 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് നല്‍കുകയെന്നും അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി അറിയിച്ചിട്ടുണ്ട്.

നിലവില്‍ കൊവിഡ് ബാധിച്ചിട്ടുള്ളവര്‍, അടുത്തിടെ കൊവിഡ് മുക്തരായവര്‍, കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്തവര്‍, ഗര്‍ഭിണികള്‍, രാജ്യത്തിന് പുറത്തുനിന്ന് വാക്സിനെടുത്തവര്‍, വാക്സിനോ അതിന്റെ ഘടകങ്ങളോ ഗുരുതരമായ അലര്‍ജിയുണ്ടാക്കുന്നവര്‍, വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത അസുഖങ്ങളുള്ളവര്‍ എന്നിവര്‍ വാക്സിനെടുക്കരുത്.