ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെയെ നിയമിച്ചു. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
മസ്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ നിയമിതനായി. മെയ് 11-നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നിയമന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ അദ്ദേഹം നേരത്തെ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്. ജപ്പാൻ, മൗറീഷ്യസ്, യു കെ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മധ്യപൂർവ രാജ്യങ്ങളുമായും അറബ് ലോകവുമായി ബന്ധപ്പെട്ട നയതന്ത്ര രംഗങ്ങളിൽ അദ്ദേഹത്തിന് വലിയ പരിചയസമ്പത്തുണ്ട്. അറബിക്, ഫ്രഞ്ച് ഭാഷകളിലും പ്രാവീണ്യമുള്ള അദ്ദേഹം മുമ്പ് ഇറാഖിലെ ഇന്ത്യയുടെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദബന്ധം, വ്യാപാര സഹകരണം, പ്രതിരോധ- ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ നിയമനം നിർണായകമാകുമെന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് ഒമാനിൽ താമസിക്കുന്ന വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഈ നിയമനം ഏറെ പ്രാധാന്യമുള്ളതാണ്. ഒമാനിലെ മസ്കറ്റിലുള്ള ഇന്ത്യൻ എംബസിയുടെ നേതൃത്വമാണ് അദ്ദേഹം ഏറ്റെടുക്കുന്നത്.


