ഒമാന്‍റെയും യുഎഇയുടെയും സംയുക്ത സംരംഭമായ 'ഹഫീത് ട്രെയിൻ' റെയിൽ പദ്ധതി 40 ശതമാനം പൂർത്തിയായി. 238 കിലോമീറ്റർ നീളമുള്ള ഈ പാത സോഹാർ, ബുറൈമി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലൂടെ കടന്നുപോയി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തും. 

മസ്‌കറ്റ്: മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഉണർവ് നൽകുന്ന ഒമാൻ–യുഎഇ റെയിൽ ബന്ധ പദ്ധതിയിൽ നിർണായക പുരോഗതി. 'ഹഫീത് ട്രെയിൻ' പദ്ധതി ഇതിനകം 40 ശതമാനം പൂർത്തിയായതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഒമാന്‍റെയും യുഎഇയുടെയും സംയുക്ത സംരംഭമായ ഈ മഹാപദ്ധതി 238 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതാണ്. വ്യാപാര ഗതാഗതം കൂടുതൽ സുതാര്യമാക്കുകയും ലോജിസ്റ്റിക് ശൃംഖലകൾ ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം ശക്തമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. അൽഐൻ, ബുറൈമി, വാദി അൽ ജിസി, സോഹാർ എന്നിവ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഗര മേഖലകളും വ്യാവസായിക മേഖലകളും മലനിരകളും ആഴത്തിലുള്ള താഴ്വരകളും ഉൾക്കൊള്ളുന്ന സങ്കീർണ്ണ ഭൂപ്രകൃതിയിലൂടെ പാത കടന്നുപോകുന്നതിനാൽ വൻ എഞ്ചിനീയറിങ് സംവിധാനങ്ങൾ വിനിയോഗിക്കേണ്ടി വരുന്നു. പാലങ്ങൾ, തുരങ്കങ്ങൾ, വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർമ്മിതികൾ ഇതിനകം നടന്നു കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ നടപ്പാക്കൽ നിശ്ചിത സമയക്രമം പാലിച്ച് മുന്നേറുകയാണെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാരുടെയും ചരക്കു ഗതാഗതത്തിന്‍റെയും സേവനങ്ങൾ പദ്ധതി പ്രകാരം തന്നെ ആരംഭിക്കാനാകുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു. നിലവിൽ 27 മില്യൺ ക്യൂബിക് മീറ്റർ മണ്ണുപണികളും 100,000 ക്യൂബിക് മീറ്ററിൽ കൂടുതൽ കോൺക്രീറ്റ് നിർമാണങ്ങളും പൂർത്തിയായി. പ്രധാന തുരങ്കങ്ങളിൽ ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ, 80ലധികം എഞ്ചിനീയറിങ് ഘടകങ്ങളുടെയും നിർമാണം ഒരേസമയം നടന്നു കൊണ്ടിരിക്കുകയാണ്.

സുരക്ഷാ മാനദണ്ഡങ്ങളിലും പദ്ധതി മുന്നിലാണ്. ഇതുവരെ 10 മില്യൺ തൊഴിൽ മണിക്കൂറുകൾ വലിയ അപകടങ്ങളില്ലാതെ പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്നലിംഗ്, നിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതി ട്രെയിനുകളുടെ ഇടവേള കുറയ്ക്കാനും പ്രവർത്തന ശേഷി വർധിപ്പിക്കാനും സഹായിക്കും. ഭാവിയിൽ യാത്രക്കാരുടെ ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വലിയ പിന്തുണ നൽകുന്ന പദ്ധതിയായും ഇത് മാറും. ഒമാനും യുഎഇയും തമ്മിലുള്ള സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക അടിത്തറയായാണ് ഹഫീത് ട്രെയിൻ പദ്ധതി വിലയിരുത്തപ്പെടുന്നത്.