ദുബായ്: പൂവും പൂക്കളവും പൂവിളിയുമായി ഗള്‍ഫ് മലയാളികളും ഓണം ആഘോഷിച്ചു. ഓണക്കോടിയുടുത്ത് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും താമസ സ്ഥലങ്ങളില്‍ ഒത്തുകൂടി, പ്രവാസികള്‍ പൊന്നോണ ഓര്‍മ്മകള്‍ പങ്കിട്ടു. കുടുംബമായി താമസിക്കുന്നവര്‍ കൂട്ടുകാരെയും പ്രിയപ്പെട്ടവരെയും ക്ഷണിച്ച് ഓണമാഘോഷിക്കുന്ന സൗഹൃദ കൂട്ടങ്ങള്‍ വേറിട്ട കാഴ്ചയായി.

30 കൂട്ടം വിഭവങ്ങളുമായി ഓണ സദ്യയൊരുക്കി കെങ്കേമമായിത്തന്നെയായിരുന്നു ഗള്‍ഫിലെയും ആഘോഷം. തിരുവാതിരയും വടംവലിയും ആഘോഷങ്ങള്‍ ആര്‍ഭാടമാക്കി. പ്രവൃത്തി ദിനമായതിനാല്‍ ഓണാഘോഷം വാരാന്ത്യത്തിലേക്ക് മാറ്റിയവരും കുറവല്ല. വിവിധ കൂട്ടായ്മകളുടേതടക്കം, വരുന്ന രണ്ട് മാസം ഗള്‍ഫ് മലയാളികള്‍ ഇനി ഓണാഘോഷ തിരക്കിലാവും.