സൈബർ സ്‌ക്വയറിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഇന്‍റര്‍നാഷണൽ ഡിജിറ്റൽ ഫെസ്റ്റ് ഏറ്റവും വലിയ വിദ്യാർത്ഥി സാങ്കേതിക എക്‌സ്‌പോ എന്ന അംഗീകാരം നേടിക്കഴിഞ്ഞു.
ദുബൈ: ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ആഗോള സംരംഭകരായ സൈബർ സ്‌ക്വയറിന്‍റെ നേതൃത്വത്തിൽ ദുബൈ സർവകലാശാലയുമായി സഹകരിച്ച് അഞ്ചാമത് പ്രീമിയർ സ്റ്റുഡന്‍റ് ടെക് എക്‌സ്‌പോ നടത്തി. ദുബൈ സർവകലാശാല കാമ്പസിൽ നടന്ന ഫെസ്റ്റിൽ യുഎഇ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ ലീഡർമാർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ 800ലധികം പേർ പങ്കെടുത്തു.
സൈബർ സ്‌ക്വയറിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഇന്‍റര്‍നാഷണൽ ഡിജിറ്റൽ ഫെസ്റ്റ് ഏറ്റവും വലിയ വിദ്യാർത്ഥി സാങ്കേതിക എക്‌സ്‌പോ എന്ന അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്. കെ ജി മുതൽ 12-ാം ക്ലാസ് വരെയുള്ള 330-ലധികം വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, വെബ്- മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്‍റ്, ആനിമേഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ പ്രധാന മേഖലകളിൽ ദിശാ ബോധം നൽകുന്ന പ്രോജക്ടുകൾ അവതരിപ്പിച്ചു.
ആഗോള സമൂഹത്തിന് മുമ്പിൽ തങ്ങളുടെ കാഴ്ചപ്പാടും സാങ്കേതിക വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിന് പുതിയ തലമുറയിലെ പ്രതിഭകൾക്ക് ലോകോത്തര നിലവാരമുള്ള വേദിയാണ് സൈബർ സ്‌ക്വയർ
നൽകിയത്. കുട്ടികളുടെ അറിയാനുള്ള ആഗ്രഹം വളർത്തുക, അവരെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക എന്നിവയിൽ സൈബർ സ്‌ക്വയർ പ്രതിജ്ഞാബദ്ധരാണെന്ന് സൈബർ സ്‌ക്വയറിന്റെ സിഇഒ എൻപി ഹാരിസ് പറഞ്ഞു. ദുബൈ സർവകലാശാല പ്രസിഡന്‍റ് ഡോ. ഈസ മുഹമ്മദ് അൽ ബസ്തകി പരിപാടി ഉദ്ഘാടനം ചെയ്തു.
ഇത് വെറുമൊരു മത്സരം മാത്രമല്ല, നമ്മുടെ ഭാവി നേതാക്കൾക്കുള്ള സർഗാത്മക വിജ്ഞാനത്തിന്റെയും സാധ്യതയുടെയും ആഘോഷമാണെന്ന് ഡോ. അൽ ബസ്തകി അഭിപ്രായപ്പെട്ടു. അജ്‌മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വൈഗ പ്രവീൺ നയന ടെക് ടോക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂളിലെ സെയ്ദ് മുഹമ്മദ് എഐ/റോബോട്ടിക്സ് വിഭാഗത്തിൽ മികച്ച വിജയം നേടി. ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ, റാസൽഖൈമയിലെ ഇന്ത്യൻ പബ്ലിക് സ്കൂൾ, കോട്ടക്കലിലെ പീസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും വിവിധ വിഭാഗങ്ങളിൽ ജേതാക്കളായി. ദുബൈ സർവകലാശാലയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് ഈ പരിപാടി നടത്തിയത്.
മേഖലയിലെ പ്രതിബദ്ധതയുള്ള സ്‌കൂളുകളുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പിന്തുണയും ഫെസ്റ്റിനുണ്ടായിരുന്നു. വേൾഡ് ഡിജിറ്റൽ ഫെസ്റ്റിന്റെ അടുത്ത പതിപ്പ് 2026-ൽ യുഎസ്എയിലെ കേംബ്രിഡ്ജിലെ എംഐടിയിൽ നടത്തുമെന്നും അതേ വർഷം തന്നെ യുഎഇയിൽ മറ്റൊരു രാജ്യാന്തര പരിപാടി സംഘടിപ്പിക്കുമെന്നും സൈബർ സ്‌ക്വയർ അറിയിച്ചു. രണ്ട് പരിപാടികളിലുമായി 1,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.


