ദില്ലി: യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയും രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനെയാണ് മോദി അനുോശചനം അറിയിച്ചത്. ശൈഖ് ഖലീഫയുടെ സഹോദരന്‍ കൂടിയാണ് അന്തരിച്ച ശൈഖ് സുല്‍ത്താന്‍.

ദുഃഖത്തിന്റെ വേളയില്‍ നഹ്‍യാന്‍ കുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കുമൊപ്പമാണ് തങ്ങളുടെ പ്രാര്‍ത്ഥനകളെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. നേരത്തെ യുഎഇ ഉപപ്രധാനമന്ത്രിയായിരുന്ന ശൈഖ് സുല്‍ത്താന്‍ തിങ്കളാഴ്ചയാണ് മരിച്ചത്. യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. മറ്റ് വിനോദ  പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.  യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ രണ്ടാമത്തെ മകനായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് 1955ല്‍ അല്‍ ഐനിലാണ് ജനിച്ചത്.