പ്രമുഖ ദന്തഡോക്ടറുടെ കൈവശം കൊക്കെയ്നും ലഹരി ഗുളികകളുമെന്ന് രഹസ്യ വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിൽ ജനപ്രിയനായ പ്രമുഖ ദന്തഡോക്ടറെ വൻതോതിൽ കൊക്കെയ്നും ലഹരിഗുളികകളുമായി അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലഹരിവിരുദ്ധ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദ്, അസിസ്റ്റന്റ് ബ്രിഗേഡിയർ ജനറൽ ശൈഖ് ഹമദ് അൽ യൂസഫ് അൽ സബാഹ് എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ നിർണായക പരിശോധന നടന്നത്. ലഹരിമരുന്ന് ഇടപാടുകാരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താനായി രാജ്യത്ത് തുടരുന്ന കർശനമായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.

Add Asianetnews as a Preferred SourcegooglePreferred

പ്രതിയായ ഡോക്ടറുടെ സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ചും ഇയാളുടെ പക്കൽ വൻതോതിൽ കൊക്കെയ്നും നിരോധിത ലഹരിഗുളികകളും സൂക്ഷിച്ചിട്ടുണ്ടെന്നതിനെക്കുറിച്ചും ലഹരിവിരുദ്ധ വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സൽമിയയിൽ വെച്ച് കെണിയൊരുക്കിയാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ ഡോക്ടറെയും ഇയാളിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരവും തുടർനടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ അധികാരികൾക്ക് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.