20,02,018 ഡോസുകളാണ് കഴിഞ്ഞ ദിവസം വരെ നല്‍കിയത്. രാജ്യത്തെ മുതിര്‍ന്നവരില്‍ 51.9 ശതമാനം ആളുകള്‍ക്കും ഒരു ഡോസ്  വാക്‌സിന്‍ എങ്കിലും നല്‍കാനായി.

ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇരുപത് ലക്ഷം വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് ഇന്നലെ വരെ വിതരണം ചെയ്തത്. നിര്‍ണായകമായ നാഴികക്കല്ലാണ് ഇതോടെ രാജ്യം പിന്നിട്ടിരിക്കുന്നത്. 

 20,02,018 ഡോസുകളാണ് കഴിഞ്ഞ ദിവസം വരെ നല്‍കിയത്. രാജ്യത്തെ മുതിര്‍ന്നവരില്‍ 51.9 ശതമാനം ആളുകള്‍ക്കും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും നല്‍കാനായി. 60 വയസ്സിനും അതിന് മുകളിലും പ്രായമുള്ള 88.3 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ച് കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പ്രായപരിധിയില്‍പ്പെട്ടവരില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത് 82.3 ശതമാനമാണ്. 

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള മുന്‍ഗണനാ പട്ടികയില്‍ കഴിഞ്ഞ ദിവസം 30 വയസ്സുള്ളവരെയും ആരോഗ്യമന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ 30 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള അപ്പോയിന്റ്‌മെന്റുകള്‍ നല്‍കും. ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നതും ആശ്വാസകരമാണ്. ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ 12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ളവര്‍ക്ക് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഖത്തറില്‍ ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ തീരുമാനമായി. നിലവില്‍ 16 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്കാണ് ഫൈസര്‍ വാക്‌സിന്‍ രാജ്യത്ത് നല്‍കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona