രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന ഇൻസ്റ്റലേഷൻൻ പദ്ധതി ഒമ്പത് മാസം കൊണ്ട് പൂർത്തിയാക്കി.
ദോഹ: 2025ലെ ഏറ്റവും മികച്ച എയർലൈനുള്ള സ്കൈട്രാക്സ് അവാർഡ് നേടിയ ഖത്തർ എയർവേസിന്റെ മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും ഇനി അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. 54 ബോയിങ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയ ഖത്തർ എയർവേസ് റെക്കോഡ് വേഗത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്. രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന ഇൻസ്റ്റലേഷൻൻ പദ്ധതി ഒമ്പത് മാസം കൊണ്ട് പൂർത്തിയാക്കി. ഇതോടെ, സ്റ്റാർലിങ്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഏറ്റവും കൂടുതൽ വൈഡ് ബോഡി വിമാനങ്ങളുള്ള എയർലൈൻ എന്ന നേട്ടവും ഖത്തർ എയർവേസ് സ്വന്തമാക്കി.
മിഡിൽ ഈസ്റ്റ് -വടക്കൻ ആഫ്രിക്ക (മെന) മേഖലയിൽ സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന ഏക എയർലൈൻ ഖത്തർ എയർവേസാണ്. ബോയിങ് 777 വിമാനങ്ങളിൽ വൈ ഫൈ കണക്ടിവിറ്റി സജ്ജീകരണം പൂർത്തിയാക്കിയതിനു പുറമെ എയർബസ് എ 350 വിമാനങ്ങളിലും സ്റ്റാർലിങ്ക് സജ്ജീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. പ്രീമിയം, ഇക്കണോമി കാബിനുകളിലെ യാത്രക്കാർക്ക് 500 എം.ബി.പി.എസ് വരെ വേഗത്തിൽ സൗജന്യ വൈഫൈ ലഭ്യമാകും. സ്ട്രീമിങ്, ഗെയിമിങ് തുടങ്ങിയവ വിമാനയാത്രയിൽ തടസ്സങ്ങളില്ലാതെ യാത്രക്കാർക്ക് ആസ്വദിക്കാം.
2024 ഒക്ടോബറിൽ ഖത്തർ എയർവേസ് ആദ്യത്തെ സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിങ് 777 വിമാനം പുറത്തിറക്കിയതു മുതൽ, ഇതുവരെ 15,000ത്തിലധികം സ്റ്റാർലിങ്ക് കണക്റ്റഡ് ഫ്ലൈറ്റുകൾ സർവീസ് നടത്തിയിട്ടുണ്ട്. ലോകോത്തര സേവനങ്ങളിലൂടെയും നൂതനാശയങ്ങളിലൂടെയും യാത്രക്കാർക്ക് മികച്ച യാത്രാനുഭവം സാധ്യമാക്കുന്നത് തുടരുകയാണ് ഖത്തർ എയർവേസ്.
