യാത്രക്കാര്‍ യാത്ര പുറപ്പെടും മുമ്പ് ഖത്തര്‍ എയര്‍വേയ്സിന്‍റെ വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ദോഹ: ഖത്തര്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നുണ്ടായ തടസ്സങ്ങള്‍ പരിഹരിക്കാനും സര്‍വീസ് ഷെഡ്യൂളുകള്‍ പുഃനക്രമീകരിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ജൂൺ 26 വരെ ചില സര്‍വീസുകള്‍ തടസ്സപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ജൂൺ 30 വരെയുള്ള യാതക്കായി ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തീയതിയില്‍ മാറ്റം വരുത്താം. ഇക്കാലയളവില്‍ യാത്ര മാറ്റിവെച്ചവര്‍ക്ക് ക്യാന്‍ലേഷന്‍ ഫീസ് നല്‍കാതെ തന്നെ റീഫണ്ട് തുക ആവശ്യപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് അപ്ഡേറ്റുകള്‍ നോക്കി ഉറപ്പുവരുത്തണമെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ഖത്തർ സ്വാഗതം ചെയ്തു. മേഖലയിലും അതിനപ്പുറത്തുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചകളുമായി മുന്നോട്ടു പോകുന്നതിനുള്ള നിർണായക ചുവടുവയ്പ്പായിരിക്കും കരാറെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. ശാശ്വതവും സമഗ്രവും സുസ്ഥിരവുമായ സമാധാനം ഉറപ്പുവരുത്തുന്നതിന് സമാധാനപരമായ മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തർ ഊന്നിപ്പറഞ്ഞു. ഖത്തറിന്റെ പരമാധികാരത്തിലും വ്യോമാതിർത്തിയിലും ഇറാൻ നടത്തിയ നിയമ ലംഘനം മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്നും എല്ലാ നിരുത്തരവാദപരമായ നടപടികളെയും പ്രതിരോധിക്കാൻ ആത്മാർത്ഥവും കൂട്ടായതുമായ ശ്രമങ്ങൾ ആവശ്യമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. ഖത്തർ സമാധാനം നടപ്പിലാക്കാനുള്ള ഒരു പ്രേരകശക്തിയായി തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നൽകി.
