റാസ് ലഫാനിലും തെക്കുകിഴക്കൻ മേഖലയിലെ മിസൈദിലുമായാണ് രണ്ട് പവർ പ്ലാന്റുകളുടെ നിർമാണം പൂര്ത്തിയാക്കിയത്.
ദോഹ: ഖത്തർ വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തെ സൗരോർജ്ജ ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് സോളാർ പ്ലാന്റുകൾ കൂടി നിർമാണം പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു. സൗരോർജ ശേഷി ഇരട്ടിയായി വർധിപ്പിച്ചുകൊണ്ട് റാസ് ലഫാനിലും മിസൈദിലുമുള്ള സൗരോർജ പ്ലാന്റുകളാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാജ്യത്തിന് സമർപ്പിച്ചത്.
ദോഹയിൽ നിന്ന് 80 കിലോമീറ്ററോളം വടക്ക് വ്യവസായ മേഖലയായ റാസ് ലഫാനിലും തെക്കുകിഴക്കൻ മേഖലയിലെ മിസൈദിലുമായാണ് രണ്ട് പവർ പ്ലാന്റുകളുടെ നിർമാണം പൂർത്തിയാക്കിയത്. റാസ് ലഫാൻ സിറ്റിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഊർജ്ജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയും പ്രസിഡന്റുമായ സഅദ് ശെരിദ അൽ കഅബി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും നേതാക്കളും പങ്കെടുത്തു. പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികളിലൂടെ കാർബൺ ബഹിർഗമനം കുറക്കുകയെന്ന ഖത്തറിന്റെ ദേശീയ വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽ ശ്രദ്ധേയമായ ചുവടുവെപ്പായാണ് രണ്ട് സോളാർ പവർ പ്ലാന്റുകളുടെ ഉദ്ഘാടന ചടങ്ങിനെ മന്ത്രി വിശേഷിപ്പിച്ചത്.
2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജ പദ്ധതികളിലൂടെ 4,000 മെഗാവാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാക്കുക എന്ന ദേശീയ വിഷന്റെ പ്രധാന ലക്ഷ്യത്തിലേക്കുള്ള ഗണ്യമായ പുരോഗതിയാണിതെന്ന് മന്ത്രി സഅദ് ഷെരിദ അൽ കഅബി പറഞ്ഞു. ഇത് മൊത്തം പ്രാദേശിക വൈദ്യുതി ഉൽപാദനത്തിന്റെ ഏകദേശം 30 ശതമാനമാണ്. ഖത്തറിന്റെ പുനരുപയോഗ ഊർജ്ജ തന്ത്രത്തിന്റെയും ഖത്തർ എനർജിയുടെ സുസ്ഥിരതാ തന്ത്രത്തിന്റെയും കേന്ദ്രബിന്ദുവാണ് ഈ നാഴികക്കല്ല്. ദേശീയ ഊർജ്ജ ഉത്പാദന മേഖലയിലേക്ക് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ സംഭാവന വർദ്ധിപ്പിക്കുക എന്നതാണ് പ്രധാനമായും പുതിയ സോളാർ പ്ലാന്റുകളിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഊർജ്ജോൽപ്പാദനത്തിന് ഏറ്റവും പ്രായോഗികമായ മാർഗം സൗരോർജ്ജമാണ്.
സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് പുതിയ പ്ലാന്റുകളിൽ ഉപയോഗിക്കുന്നത്. വിശാലമായ മരുഭൂമിയിലായി കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന സോളാർ പാടത്തിന്റെ ഉൽപാദനശേഷി 875 മെഗാവാട്ട് വൈദ്യുതിയാണ്. ഇതോടെ, ഖത്തറിന്റെ ആകെ സൗരോർജ ഉൽപാദനം 1675 മെഗാവാട്ടായി ഉയർന്നു. പുതിയ രണ്ട് സോളാർ പാടങ്ങൾക്കു പുറമെ, നേരത്തെ പ്രവർത്തനമാരംഭിച്ച അൽ ഖർസ പ്ലാന്റിന്റെ 800 മെഗാവാട്ട് ശേഷി ഉൾപ്പെടെയാണ് ഈ നേട്ടം.
Read Also - ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ദുബൈയിൽ വരുന്നൂ, അൽ മക്തൂം വിമാനത്താവള പദ്ധതിക്ക് കരാറുകൾ നൽകി തുടങ്ങി
കാർബൺ ബഹിർഗമനം കുറക്കാനും സുസ്ഥിര പദ്ധതികൾ വികസിപ്പിക്കാനും വൈദ്യുതി ഉൽപാദന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഖത്തറിന്റെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് സൗരോർജ നിലയങ്ങളുടെ നിർമാണമെന്ന് മന്ത്രി വിശദീകരിച്ചു. ഈ പുതിയ പ്ലാന്റുകൾ ഓരോ വർഷവും ഏകദേശം 4.7 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറയ്ക്കാൻ സഹായിക്കും. അൽ ഖർസ സോളാർ പ്ലാന്റുമായി ചേർന്ന്, പീക്ക് സമയങ്ങളിൽ രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ ഏകദേശം 15 ശതമാനം ഇത് നിറവേറ്റും. ദുഖാൻ സൗരോർജനിലയത്തിന്റെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ 2029ൽ രാജ്യത്തെ വൈദ്യുതി ഉല്പാദനം 2000 മെഗവാട്ടായി ഉയർത്താനാവുമെന്നാണ് പ്രതീക്ഷ.


