ബ്രിട്ടനിലെത്തിയ ഖത്തർ അമീറിന് രാജകീയ സ്വീകരണം; പരമോന്നത ബഹുമതി സമ്മാനിച്ച് ചാള്‍സ് രാജാവ്
ചാള്‍സ് മൂന്നാമന് രാജാവും പത്നിയും നടത്തിയ വിരുന്നിലും അമീറും പത്നിയും പങ്കെടുത്തു.
![qatar amir received royal reception in UK qatar amir received royal reception in UK](https://static-gi.asianetnews.com/images/01je8eqkpvbh34m496h13tx49c/fotojet--30-_363x203xt.jpg)
ലണ്ടന്‍: രണ്ടു ദിവസത്തെ ബ്രിട്ടന് സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് വന്‍ സ്വീകരണം. തിങ്കളാഴ്ച വൈകിട്ടോടെ ബ്രിട്ടീഷ് വ്യോമസേന യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് അമീറിനെയും പത്നിയെയും വരവേറ്റത്.
ചൊവ്വാഴ്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിക്കും ചാള്‍സ് രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. റോയല്‍ ഹോര്‍സ് ഗ്വാര്‍ഡ് അറീനയില്‍ ചാള്‍സ് മൂന്നാമന് രാജാവും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ചേർന്നാണ് അമീറിനെ സ്വീകരിച്ചത്. രാജകീയ സ്വീകരണത്തില്‍ മന്ത്രിമാര്‍, പ്രഭുക്കള്‍, സൈനിക ജനറലുമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഖത്തറിന്റെയും ബ്രിട്ടന്റെയും ദേശീയ ഗാനം ഉയര്‍ന്ന സ്വീകരണത്തിന് ശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
പിന്നീട് ബക്കിങ് ഹാം കൊട്ടാരത്തിലേക്ക് അമീറിനെയും പത്നിയെയും പരമ്പരാഗത രാജകീയ വാഹനത്തിൽ ആനയിച്ചു. ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് നൈറ്റ് ഓഫ് ദ ഓര്‍ഡര്‍ ചാള്‍സ് മൂന്നാമന് രാജാവ് അമീറിന് സമ്മാനിച്ചു. ഖത്തറിന്റെ പരമോന്നത ബഹുമതിയായ ഫൗണ്ടേഴ്സ് സോര്‍ഡ് അമീര്‍ ചാള്‍സ് രാജാവിനും കൈമാറി. വന്‍ വരവേല്‍പ്പാണ് ബ്രിട്ടനില്‍ ഖത്തര്‍ അമീറിന് ലഭിച്ചത്.
ചാൾസ് രാജാവും രാജ്ഞി കാമിലയും ബക്കിങ് ഹാം പാലസിൽ ഒരുക്കിയ വിരുന്നിലും അമീറും പത്നിയും പങ്കെടുത്തു. വില്യം രാജകുമാരനും കാതറിൻ രാജകുമാരിയും അമീറിന് സ്വീകരണം നൽകിയിരുന്നു. വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിൽ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളുമായി അമീർ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം