പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ദോഹ: മയക്കുമരുന്നും കള്ളനോട്ടുകളുമായി യുവാവ് ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ബാഗിന്റെ അടിത്തട്ടില്‍ ഒളിപ്പിച്ച ശേഷം തുണികള്‍ ഉപയോഗിച്ച് മറച്ചാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 6.107 കിലോഗ്രാം മയക്കുമരുന്നാണ് ബാഗിനുള്ളില്‍ ഉണ്ടായിരുന്നത്. ഇയാളെ പിന്നീട് വിശദ പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോഴാണ് കൈവശമുള്ളത് വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തിയത്.
രാസവസ്‍തുക്കളുടെ സഹായത്തോടെ പേപ്പര്‍ ഡോളറാക്കി മാറ്റുമെന്ന് വാഗ്ദാനം: രണ്ട് വിദേശികള്‍ അറസ്റ്റില്‍
ദോഹ: ഖത്തറില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്‍തു. സാധാരണ പേപ്പറിനെ ചില രാസവസ്‍തുക്കള്‍ ഉപയോഗിച്ച് അമേരിക്കന്‍ ഡോളറാക്കി മാറ്റുമെന്ന് വാഗ്ദാനം നല്‍കിയവരാണ് പിടിയിലായത്. വിശദമായ അന്വേഷണത്തിന് ശേഷം ഇരുവരെയും തിരിച്ചറിയുകയും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്‍തുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

സി.ഐ.ഡി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അമേരിക്കന്‍ ഡോളറിന്റെ അതേ വലിപ്പത്തിലുള്ള നിരവധി കടലാസുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചില രാസ പദാര്‍ത്ഥങ്ങളും പൗഡറുകളും തട്ടിപ്പിന് ഉപയോഗിച്ചിരുന്ന മറ്റ് ചില സാധനങ്ങളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പിടിയിലായ രണ്ട് പേരെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
മണി എക്സ്ചേഞ്ച് ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ അംഗീകൃത പണമിടപാട് സ്ഥാപനങ്ങള്‍ വഴിയോ ബാങ്കുകള്‍ വഴിയോ മാത്രം നടത്തണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ബാങ്കിങ് സംവിധാനങ്ങളിലൂടെയല്ലാതെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്‍ത് രംഗത്തുവരുന്ന മറ്റ് പണമിടപാടുകാരെ സൂക്ഷിക്കണമെന്നും ഇത്തരക്കാരുമായി ഇടപാടുകള്‍ നടത്തരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
