മേയ് 22 വരെ മൂന്നു ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്
ദോഹ: അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് മേയ് 20ന് ദോഹയിൽ തുടക്കമാകും. മേയ് 22 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധരും ഭരണകര്‍ത്താക്കളും അടക്കം 2500ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫോറത്തിന് ദോഹ ഫെയർമോണ്ട് ഹോട്ടലാണ് വേദി. ‘റോഡ് ടു 2030; ആഗോള സാമ്പത്തിക വ്യവസ്ഥയുടെ മാറ്റം’ എന്ന പ്രമേയത്തിലാണ് അഞ്ചാമത് എക്കണോമിക് ഫോറം സംഘടിപ്പിക്കുന്നത്.
രാഷ്ട്രീയം മുതല്‍ നിര്‍മിതബുദ്ധി വരെ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂന്നിയാണ് വിവിധ സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി, ധനകാര്യമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി മാനേജിങ് ഡയറക്ടർ ഹസൻ അൽ തവാദി തുടങ്ങിയവർ പ്രഭാഷകരായെത്തും. കോൺകോ ഫിലിപ്സ് ചെയർമാൻ റ്യാൻ എം ലാൻസ്, ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജൂനിയർ എന്നിവരും പങ്കെടുക്കും. സംവാദങ്ങളോടൊപ്പം 20 ഓളം ധാരണാപത്രങ്ങളിലും ഒപ്പുവെക്കും.
കഴിഞ്ഞ നാലു പതിപ്പുകളിലായി ആഗോള സാമ്പത്തിക, സുരക്ഷാ വിഷയങ്ങളിലെ ചർച്ചകൾകൊണ്ട് ശ്രദ്ധേയമായ എക്കണോമിക് ഫോറം വിവിധ വിഷയങ്ങളിൽ ഉത്തരം നൽകിയാണ് അഞ്ചാം പതിപ്പിലേക്ക് പ്രവേശിക്കുന്നതെന്ന് ഖത്തർ മീഡിയ സിറ്റി സി.ഇ.ഒ ജാസിം മുഹമ്മദ് അൽ ഖോറി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ, നയരൂപകർത്താക്കൾ, കോർപറേറ്റ് മേധാവികൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.