ജൂൺ ഒന്ന് മുതൽ സെപ്തംബര് 15 വരെയാണ് നിരോധനം പ്രാബല്യത്തിലുള്ളത്.
ദോഹ: രാജ്യത്ത് ചൂട് ഉയർന്നു തുടങ്ങിയതോടെ നട്ടുച്ചനേരത്തെ ഇരുചക്ര വാഹന ഡെലിവറി സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ തൊഴിൽ മന്ത്രാലയം. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് മോട്ടോർ ബൈക്ക് ഡെലിവറിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. സെപ്തംബര് 15 വരെ ഇത് തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഉഷ്ണ മർദത്തിന്റെ അപകടസാധ്യതകളിൽ നിന്ന് ഡെലിവറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുമാണ് മന്ത്രാലയം നിയന്ത്രണം പ്രഖ്യാപിച്ചത്. ഡെലിവറി കമ്പനികൾക്ക് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ അവരുടെ ഡെലിവറി സേവനങ്ങൾക്ക് കാറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. വേനൽക്കാലത്തെ കനത്ത ചൂടിൽ ഡെലിവറി സേവനത്തിൽ വരുന്ന ബുദ്ധിമുട്ടുകൾ ഉപയോക്താക്കൾ മനസ്സിലാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
2022 മുതലാണ് ഊഷ്ണ കാലത്തെ ഉച്ച വിശ്രമ നിയമത്തിൽ ഡെലിവറി ബൈക്ക് റൈഡേഴ്സിനെയും ഉൾപ്പെടുത്തി തുടങ്ങിയത്. നിലവിൽ മേയ് മാസത്തിൽ തന്നെ കനത്ത ചൂടാണ് ഖത്തറിൽ അനുഭവപ്പെടുന്ന്. രാവിലെ 10 മുതൽ തന്നെ ഉയർന്നുതുടങ്ങുന്ന താപനില ഉച്ച 12 മണിയോടെ ഏറ്റവും ഉയർന്ന നിലയിലേക്കുയരും. വ്യാഴാഴ്ച 46 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു ഖത്തറിലെ അന്തരീക്ഷ താപനില.


