രണ്ടുദിന ആഘോഷപരിപാടികൾ ജൂൺ ഏഴ്, എട്ട് തീയതികളിൽ
ദോഹ: ബലിപെരുന്നാൾ ആഘോഷമാക്കാൻ 974 ബീച്ചിൽ ‘ഈദുൽ അദ്ഹ കാർണിവൽ’ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. സ്വദേശികൾക്കും താമസക്കാർക്കുമായി പെരുന്നാളിന്റെ രണ്ടും മൂന്നും ദിനങ്ങളായ ജൂൺ ഏഴിനും എട്ടിനുമാണ് ആഘോഷങ്ങളുമായി ‘ഈദുൽ അദ്ഹ കാർണിവൽ’ സംഘടിപ്പിക്കുന്നത്. രാവിലെ എട്ടിന് തുടങ്ങി അർധരാത്രി 11 മണി വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആഘോഷകരമായാണ് ക്രമീകരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ടിക്കറ്റ് അടിസ്ഥാനത്തിലാണ് കാർണിവലിലേക്കുള്ള പ്രവേശനം. മുതിർന്നവർക്ക് 35 റിയാലും, 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് 15 റിയാലുമാണ് പ്രവേശന നിരക്ക്. ആറ് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ജൂൺ ഏഴിനും എട്ടിനും അൽഖോർ, അൽ ദഖീറ മുനിസിപ്പാലിറ്റികൾക്കുകീഴിൽ അൽഖോർ ഡൗൺടൗൺ സൂഖിലും മന്ത്രാലയം ആഘോഷങ്ങളൊരുക്കും.


