വാറൻഡ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരിയുടെ സ്മരണയ്ക്കായി അദേഹത്തിന്റെ പിതാവിന്റെ വീടിന് എതിർവശത്തുള്ള അൽ വക്രയിലെ സോൺ 90 ലെ 1025-ാം നമ്പർ സ്ട്രീറ്റിനാണ് അദേഹത്തിന്റെ പേര് നൽകിയത്.
ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ തന്റെ ചുമതലകൾ നിർവഹിക്കുന്നതിനിടെ രക്തസാക്ഷിയായ ഖത്തർ ആഭ്യന്തര സുരക്ഷാ സേനാംഗത്തിന്റെ പേരിൽ അൽ വക്രയിലെ സ്ട്രീറ്റ് പുനർനാമകരണം ചെയ്ത് ഖത്തർ ഭരണകൂടം. വാറൻഡ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരിയുടെ സ്മരണയ്ക്കായി അദേഹത്തിന്റെ പിതാവിന്റെ വീടിന് എതിർവശത്തുള്ള അൽ വക്രയിലെ സോൺ 90 ലെ 1025-ാം നമ്പർ സ്ട്രീറ്റിനാണ് അദേഹത്തിന്റെ പേര് നൽകിയത്.
ഇത് സംബന്ധിച്ച് വ്യാഴാഴ്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെ, "അൽ ശഹീദ്(രക്തസാക്ഷി) ബദർ സാദ് അൽ ദൊസരി സ്ട്രീറ്റ്" എന്ന പേരിലായിരിക്കും ഇനി മുതൽ അൽ വക്രയിലെ സ്ട്രീറ്റ് ഔദ്യോഗികമായി അറിയപ്പെടുക. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡാറ്റാബേസിൽ പുതിയ പേര് രജിസ്റ്റർ ചെയ്യാനും സർവേ വകുപ്പിനോട് ഉത്തരവിൽ നിർദ്ദേശിച്ചു. ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്വിയ) അംഗമായ വാറൻഡ് കോർപറൽ അൽ ദൊസരി ഡ്യൂട്ടിക്കിടെയാണ് സെപ്തംബർ ഒമ്പതിന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന പാർപ്പിട സമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.


