അൽഖോർ മാളിലെ പ്രധാന കവാടത്തോട് ചേർന്നാണ് നാഷനൽ ലൈബ്രറിയുടെ ആദ്യത്തെ ബുക്ക് ബോറോയിങ് സ്റ്റേഷൻ സ്ഥാപിച്ചത്
ദോഹ: പുതു തലമുറയിൽ വായനാശീലം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി നൂതന സംവിധാനങ്ങളുപയോഗിച്ച് ലൈബ്രറി സേവനങ്ങൾ വിപുലീകരിക്കുകയാണ് ഖത്തർ നാഷണൽ ലൈബ്രറി (ക്യുഎൻഎൽ). ഇതിന്റെ ഭാഗമായി ദോഹയിൽ നിന്നും അകലെയുള്ള അൽഖോറിലെ പുസ്തക പ്രേമികൾക്കായി ആദ്യ മിനിയേച്ചർ ലൈബ്രറി തുറന്നിരിക്കുകയാണ് ക്യുഎൻഎൽ.
അൽഖോർ മാളിലെ പ്രധാന കവാടത്തോട് ചേർന്നാണ് നാഷനൽ ലൈബ്രറിയുടെ ആദ്യത്തെ ബുക്ക് ബോറോയിങ് സ്റ്റേഷൻ സ്ഥാപിച്ചത്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പുസ്തക വിതരണ ബൂത്തുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണിത്. വായന സംസ്കാരം കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ഖത്തർ നാഷണൽ ലൈബ്രറിയുടെ പദ്ധതിയിലെ നാഴികക്കല്ലാണ് പുതിയ മിനിയേച്ചർ ലൈബ്രറിയെന്ന് ക്യു.എൻ.എൽ റിസർച്ച് ആൻഡ് ലേണിങ് സർവിസ് ഡയറക്ടർ കാതിയ മെദ്വാർ പറഞ്ഞു.
ലൈബ്രറി അംഗങ്ങൾക്ക് സ്വന്തമായി ഉപയോഗിക്കാൻ പാകത്തിലള്ള ഇലക്ട്രോണിക് ബുക്ക് വെൻഡിങ് മെഷീനാണ് അൽഖോറിൽ സ്ഥാപിച്ചത്. എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും വിധമാണ് വെൻഡിങ് മെഷീന്റെ പ്രവർത്തനം. കാർഡ് സ്വൈപ് ചെയ്ത് അംഗത്വ നമ്പറും പാസ് വേഡും നൽകിയ ശേഷം കാറ്റലോഗിൽ നിന്ന് പുസ്തകം തെരഞ്ഞെടുക്കാം. പ്രധാന ലൈബ്രറിയിലെ പോലെത്തന്നെ അംഗങ്ങൾക്ക് ഒരേസമയം ആറ് പുസ്തകങ്ങൾ വരെ എടുക്കാം. അൽഖോർ മാളിന്റെ പതിവ് പ്രവർത്തന സമയങ്ങളിൽ ഈ സ്റ്റേഷൻ ഉപയോഗിക്കാം. ഖത്തറിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും ക്യുഎൻഎല്ലിന്റെ കൂടുതൽ ബുക്ക് ബോറോയിങ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കും.
read more: ഒമാനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.1 തീവ്രത
