ഖത്തറിലെ ഏറ്റവും വലിയ രണ്ട് സാംസ്കാരിക സ്മാരകങ്ങളായ ഖത്തർ നാഷണൽ തിയേറ്ററും ദോഹ ക്ലബ്ബും പുനഃസ്ഥാപിക്കാനൊരുങ്ങുന്നു.  ദോഹയിലെ കോർണിഷിൽ ഒരു സാംസ്കാരിക നാഴികക്കല്ലായി നിലകൊള്ളുന്ന ഖത്തർ നാഷണൽ തിയേറ്റർ 1982-ലാണ് ഉദ്ഘാടനം ചെയ്തത്.

ദോഹ: രാജ്യത്തെ ഏറ്റവും വലിയ രണ്ട് സാംസ്കാരിക സ്മാരകങ്ങളായ ഖത്തർ നാഷണൽ തിയേറ്ററും ദോഹ ക്ലബ്ബും പുനഃസ്ഥാപിക്കാനൊരുങ്ങുന്നു. ഈ നാഴികക്കല്ലിനായുള്ള ഒരു സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര കലാ-സാംസ്കാരിക സ്ഥാപനമായ ഖത്തർ മ്യൂസിയംസ് (ക്യുഎം).

രാജ്യത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഈ രണ്ട് വേദികൾ പല തലമുറകളുടെയും ഓർമ്മകളിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. പൗരന്മാരെയും കലാപ്രേമികളെയും ഉൾപ്പെടുത്തി, തിയേറ്ററും ക്ലബും സംബന്ധിച്ച അവരുടെ ഓർമ്മകളും പഴയ ഫോട്ടോകളും, സ്മരണികകൾ അല്ലെങ്കിൽ റെക്കോർഡിംഗുകളും രേഖകളും സംഭാവന ചെയ്യാൻ ഖത്തർ മ്യൂസിയംസ് ക്ഷണിച്ചിട്ടുണ്ട്. ഇവയുടെ ഡിജിറ്റൽ ആർക്കൈവുകളിലൂടെ വരും തലമുറകളിലേക്ക് പൈതൃകകഥകൾ എത്തിക്കുകയാണ് ലക്ഷ്യം. ദോഹയിലെ കോർണിഷിൽ ഒരു സാംസ്കാരിക നാഴികക്കല്ലായി നിലകൊള്ളുന്ന ഖത്തർ നാഷണൽ തിയേറ്റർ 1982-ലാണ് ഉദ്ഘാടനം ചെയ്തത്. പുനർനിർമാണത്തിലൂടെയും ആധുനികവത്കരണത്തിലൂടെയും ഖത്തറിന്റെ പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമായി തിയേറ്ററിനെ മാറ്റുകയാണ് ലക്ഷ്യം.

1970-കളുടെ അവസാനമാണ് ദോഹ ക്ലബ് നിർമ്മിക്കുന്നത്. സാമൂഹികവും സാംസ്കാരികവുമായി ഖത്തറിന്റെ ആധുനികതയുടെ തുടക്കത്തിന് പ്രതീകമായിരുന്ന ഈ ക്ലബ് ഖത്തർ നിവാസികളുടേയും പ്രവാസികളുടേയും പ്രിയപ്പെട്ട കേന്ദ്രമായിരുന്നു. നീന്തൽകുളം, ടെന്നിസ് കോർട്ടുകൾ, റെസ്റ്റോറന്റുകൾ, അതുല്യമായ ആർക്കിടെക്ചർ എന്നിവയാൽ സമ്പന്നമായിരുന്ന ഈ ക്ലബ്, 2007-ൽ പൊളിച്ചുനീക്കി. ഇപ്പോൾ അത് പുതുതലമുറയ്ക്ക് വേണ്ടി സാംസ്കാരിക-സാമൂഹിക ഇടപെടലുകളുടെ വേദിയായി വീണ്ടും പുനർനിർമ്മിക്കാനൊരുങ്ങുകയാണ്.