ദേശീയ ദിന മുദ്രാവാക്യം പുറത്തിറക്കി ഖത്തർ. 'രാഷ്ട്രം നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നര്‍ത്ഥം വരുന്ന അറബി വാചകമായ 'ബികും തഅ്‌ലൂ വ മിന്‍കും തന്‍ളുര്‍' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി ഈ വർഷത്തെ ദേശീയ ദിനത്തിന്റെ (ഖത്തർ നാഷണൽ ഡേ) ഔദ്യോഗിക മുദ്രാവാക്യം പുറത്തിറക്കി. 'രാഷ്ട്രം നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നര്‍ത്ഥം വരുന്ന അറബി വാചകമായ 'ബികും തഅ്‌ലൂ വ മിന്‍കും തന്‍ളുര്‍' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
2016ൽ ഖത്തർ സർവകലാശാല സന്ദർശന വേളയിൽ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നടത്തിയ പ്രസംഗത്തിൽ നിന്നാണ് ഈ വാചകം എടുത്തിരിക്കുന്നത്. മനുഷ്യവികസനത്തിൽ നിക്ഷേപിക്കുന്നത് പുരോഗതിയുടെയും സുസ്ഥിരതയുടെയും മൂലക്കല്ലാണെന്ന രാജ്യത്തിന്റെ ദർശനത്തെ ഈ മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്നു.
വിശ്വസ്തത, ദേശീയത, ആഴത്തിൽ വേരൂന്നിയ സ്വത്വബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ദർശനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഓരോ വർഷത്തെയും മുദ്രാവാക്യം എന്ന് സംഘാടകസമിതി വ്യക്തമാക്കി. 1878 ൽ ശെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനം ആഘോഷിച്ചു വരുന്നത്.


