Asianet News MalayalamAsianet News Malayalam

പലസ്തീന് വീണ്ടും സഹായവുമായി ഖത്തര്‍; 87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍ അയച്ചു

രണ്ടാം ഘട്ട സഹായമാണ് ഖത്തര്‍ ഇപ്പോള്‍ എത്തിക്കുന്നത്. ആദ്യം 37 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ഈജിപ്തിലെത്തിച്ചിരുന്നു.

qatar sends  87 tons of food and medical aid to palestine rvn
Author
First Published Oct 23, 2023, 8:14 PM IST

ദോഹ: ഗാസയ്ക്ക് കൂടുതല്‍ സഹായവുമായി ഖത്തര്‍. 87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തര്‍ സായുധസേനയുടെ രണ്ട് വിമാനങ്ങള്‍ ഈജിപ്തിലെ അല്‍ അരിഷിലെത്തി. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഗാസയിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിച്ചത്. 

രണ്ടാം ഘട്ട സഹായമാണ് ഖത്തര്‍ ഇപ്പോള്‍ എത്തിക്കുന്നത്. ആദ്യം 37 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ഈജിപ്തിലെത്തിച്ചിരുന്നു. ശനിയാഴ്ച റഫ അതിര്‍ത്തി തുറന്നതോടെ ഖത്തറിന്റേത് ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഗാസ അതിര്‍ത്തിയിലേക്ക് നീങ്ങി തുടങ്ങി. 

Read Also -  യാത്രക്കാര്‍ക്ക് ആശ്വാസം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍

അതേസമയം ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി യുഎഇയും ഭക്ഷ്യവസ്തുക്കളെത്തിച്ചിരുന്നു.  68 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഗാസയിലെ ജനങ്ങള്‍ക്കായി യുഎഇ അയച്ചത്. ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റഫാ അതിര്‍ത്തി വഴി ഗാലയില്‍ എത്തിച്ച് വിതരണം ചെയ്യും. 

യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. സഹായ വസ്തുക്കള്‍ ശേഖരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30ലേറെ കേന്ദ്രങ്ങളാണ് തുറന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സംഭാവനകള്‍ നല്‍കി. കൂടാതെ നിരവധി ബിസിനസ് സംരംഭങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനകള്‍ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് വഴിയും പലസ്തീന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ട് വഴിയും സഹായമെത്തിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. എമിറേറ്റ്‌സ് റെഡ് ക്രസന്റാണ് യുഎഇയില്‍ നിന്ന് സഹായവസ്തുക്കള്‍ ശേഖരിച്ച്  ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിക്കാന്‍ സംവിധാനം ഒരുക്കിയത്.

പലസ്തീന്‍ ജനതയ്ക്ക് സഹായം എത്തിക്കുന്നതിനായി ദുരിതാശ്വാസ വസ്തുക്കള്‍ സമാഹരിക്കുന്നത് യുഎഇയില്‍ തുടരുകയാണ്. കേടാകാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മരുന്ന്, പുതപ്പ്, പുതുവസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ഡയപ്പര്‍ എന്നിവയാണ് ശേഖരിക്കുന്നത്. ഇവ തരംതിരിച്ച് പാക്ക് ചെയ്താണ് ഗാസയിലേക്ക് അയയ്ക്കുന്നത്. ദുരിതാശ്വാസ പദ്ധതിയിലേക്ക് സഹായം നല്‍കാന്‍ വിവിധ മാളുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. പണമായും സഹായം സ്വീകരിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios