തിങ്കള്‍ മുതല്‍ ബുധന്‍ വരെ ബാധിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മസ്‌കറ്റ്: ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരും. ബുധനാഴ്ച വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി എന്നീ ഗവര്‍ണറേറ്റുകളിലായിരിക്കും മഴയ്ക്ക് സാധ്യത. 

തിങ്കള്‍ മുതല്‍ ബുധന്‍ വരെ ബാധിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പലയിടങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകുന്ന സാഹചര്യം ഉണ്ടായേക്കാം. തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കും. 

Read More -  ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

അതേസമയം ദുബൈയില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളിലും തിങ്കളാഴ്ച മഴ ലഭിച്ചു. യുഎഇയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ദുബൈ, ഷാര്‍ജ, അബുദാബി, ഫുജൈറ, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ബര്‍ഷ, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ജബല്‍ അലി, അബുദാബി-ദുബൈ റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നല്ല മഴ പെയ്തു. ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ രാത്രിയും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.

Read More -  ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ മഴ

കഴിവതും യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഈ ആഴ്ച മുഴുവന്‍ വിവിധ സ്ഥലങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അന്തരീക്ഷ താപനിലയിലും കുറവുണ്ടാകും.