Asianet News MalayalamAsianet News Malayalam

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചയും മഴ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ അല്‍ ഹംറയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. ഇവിടെ 67 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ബഹ്‍ല വിലായത്തില്‍ 49 മില്ലീമീറ്ററും അല്‍ മുദൈബിയില്‍ 27 മില്ലീമീറ്ററും ഇബ്രയില്‍ എട്ട് മില്ലിമീറ്ററും മഴ ലഭിച്ചതായാണ് അഗ്രികള്‍ച്ചര്‍ ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസ് മന്ത്രാലയത്തിന്റെ കണക്ക്. 

Rain reported at various places of Oman on saturday
Author
Muscat, First Published Jun 25, 2022, 8:37 PM IST

മസ്‍കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങലില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇടിയോടും കാറ്റോടും കൂടിയ മഴ രാജ്യത്തെ ചില പ്രദേശങ്ങളില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചത്. അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലെ പര്‍വത പ്രദേശങ്ങളിലായിരിക്കും പ്രധാനമായും ശനിയാഴ്ച വൈകുന്നേരം മഴ ലഭിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച അല്‍ ദാഹിറ, അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ബാത്തിന തുടങ്ങിയ ഗവര്‍ണറേറ്റുകളില്‍ വിവിധ തീവ്രതകളിലുള്ള മഴ ലഭിച്ചിരുന്നു. ഇവിടങ്ങളിലെ വാദികളില്‍ വെള്ളം ഉയര്‍ന്നു. വാദികളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും അവ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ അല്‍ ഹംറയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. ഇവിടെ 67 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ബഹ്‍ല വിലായത്തില്‍ 49 മില്ലീമീറ്ററും അല്‍ മുദൈബിയില്‍ 27 മില്ലീമീറ്ററും ഇബ്രയില്‍ എട്ട് മില്ലിമീറ്ററും മഴ ലഭിച്ചതായാണ് അഗ്രികള്‍ച്ചര്‍ ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസ് മന്ത്രാലയത്തിന്റെ കണക്ക്. 

അതേസമയം ചില വ്യക്തികള്‍ വാദികളുടെ പരിസരത്തും ഡാമുകളുടെ സമീപത്തും നില്‍ക്കുന്നതിന്റെയും മഴയുള്ള സമയത്ത് നീന്തുന്നതിന്റെയും വാഹനത്തില്‍ വാദികള്‍ മുറിച്ചുകടക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും എല്ലാവരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

Read also: കുവൈത്തില്‍ വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കും

ബോധപൂര്‍വം വാദി മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു സ്വദേശി യുവാവിനെ വെള്ളിയാഴ്ച അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയര്‍ ഒമാന്‍ പൊലീസ് അറിയിച്ചു

Follow Us:
Download App:
  • android
  • ios