9.900 റിയാൽ വില വരുന്ന ഭക്ഷ്യ വസ്തുക്കളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
മസ്കത്ത്: റമാദാൻ മാസത്തോടനുബന്ധിച്ച് കുറഞ്ഞ വിലയ്ക്ക് അവശ്യ വസ്തുക്കൾ എല്ലാ ഗവർണറേറ്റുകളിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫാമിലി പാക്ക് പദ്ധതിക്ക് തുടക്കമിട്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ). 9.900 റിയാൽ വില വരുന്ന ഭക്ഷ്യ വസ്തുക്കളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും പ്രത്യേകിച്ച്, കുറഞ്ഞ വരുമാനമുള്ളവർക്ക് താങ്ങാവുന്ന വിലയ്ക്ക് ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കുക എന്നതാണ് സിപിഎ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
read more : പ്രവാസികൾക്ക് ആശ്വാസം, ബഹ്റൈനിൽ ആറുമാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി
19 തരം ഭക്ഷ്യ വസ്തുക്കളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, റമാദാനിന് മുമ്പ് തന്നെ സുൽത്താനേറ്റിലുടനീളമുള്ള മിക്ക ഷോപ്പിങ് മാളുകളിലും ഈ കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അരി, മാവ്, ഈത്തപ്പഴം, അറബിക് കോഫി, എണ്ണ, പഞ്ചസാര, പാൽപ്പൊടി, ഓട്സ്, റവ, സോസുകൾ, ചീസ്, പാസ്ത തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. റമാദാൻ സമയങ്ങളിൽ ഓരോ ആഴ്ചയും കുടുംബങ്ങളിലെ ചെലവ് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. ഇത് കുറക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഫാമിലി പായ്ക്ക് വാഗ്ദാനം ചെയ്യുന്നതിനൊപ്പം, അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, സുരക്ഷ, ന്യായമായ വിലനിർണ്ണയം എന്നിവ ഉറപ്പാക്കാനായി അതോറിറ്റി അധികൃതർ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.
