ഒമാന്‍റെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് ഇന്ത്യന്‍ സ്കൂൾ സൂർ. മസ്കറ്റിൽ നിന്നും 209 കിലോമീറ്റർ അകലെയാണ് സൂർ സ്ഥിതി ചെയ്യുന്നത്.
മസ്കറ്റ്: വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഇന്ത്യന്‍ സ്കൂള്‍ സൂറിൽ ആരംഭിച്ച വികസന പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നുവെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ പറഞ്ഞു. 36 വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആഗ്രഹിച്ച മൾട്ടിപർപസ് ഹാൾ നിർമാണം ഈ അദ്ധ്യയന വർഷം പൂർത്തിയാകുമെന്നും ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ അറിയിച്ചു.
ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങിയിരുന്ന വിദ്യാഭ്യാസ സാദ്ധ്യതകള്‍, പുതിയ സൗകര്യങ്ങളാൽ കൂടുതൽ വൈവിധ്യമാകുമെന്നും വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത കഴിവുകൾ വികസിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ പുതിയ കെട്ടിടത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുവാൻ കഴിയുമെന്നും സൽമാൻ കൂട്ടിച്ചേർത്തു. ഒമാന്‍റെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് ഇന്ത്യന്‍ സ്കൂൾ സൂർ. മസ്കറ്റിൽ നിന്നും 209 കിലോമീറ്റർ അകലെയാണ് സൂർ സ്ഥിതി ചെയ്യുന്നത്. ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അംഗീകാരത്തോടും മാർഗനിർദ്ദേശത്തോടും കൂടി ആരംഭിച്ച പുതിയ കെട്ടിടത്തിൽ വിശാലമായ ഇൻഡോർ ഹാൾ, സ്റ്റേജ്, എട്ട് ആധുനിക ക്ലാസ് മുറികൾ, റോബോട്ടിക്‌സ് ലാബ്, ലാംഗ്വേജ് ലാബ് എന്നിവ ഉൾപ്പെടുന്നു.
ഇൻഡോർ ഹാളിൽ മൂന്ന് ബാഡ്‌മിന്റൺ കോർട്ടുകളും ചെസ്സ് , കാരംസ് , ടേബിൾ ടെന്നീസ് കളിക്കാനുള്ള സൗകര്യവും, റൂഫ്‌ടോപ് ടെന്നീസ് കോർട്ടും അടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അക്കാദമിക് വർഷം വിദ്യാർത്ഥികൾക്കായി നാച്ചുറൽ ഗ്രാസ് വിരിച്ച് നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് ഉദ്‌ഘാടനം ചെയ്തിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ അധ്യാപന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി നിരവധി നടപടികൾ സ്കൂൾ കൈകൊണ്ടിരുന്നു. അദ്ധ്യാപകരുടെ നിയമനത്തിൽ സിബിഎസ്ഇ സ്കൂളുകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ അദ്ധ്യാപന പരിചയവും നിലവിൽ ജോലിയിൽ തുടരുന്നവരെയും മാത്രം നിയമിക്കാനുള്ള പുതിയ അദ്ധ്യാപക നിയമന നയം ഇതിനായി നടപ്പാക്കിയതായും ചെയർമാൻ വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനായി സ്കൂളിലെ എല്ലാ ഇടപാടുകളും ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്വേകളിലേക്കാണ് മാറ്റിയതായും ചെയർമാൻ അറിയിച്ചു. നിലവിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് പുറമെ 21 രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളായ വിദ്യാർത്ഥികൾ സൂർ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നുണ്ട്.
ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന് കീഴില്‍ നിലവില്‍ 21 ഇന്ത്യൻ സ്കൂളുകളാണ് ഉള്ളത്.
നാല്പത്തിയാറായിരത്തിലധികം വിദ്യാർത്ഥികളാണ് വിവിധ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്നത്. 2000ത്തിലേറെ അദ്ധ്യാപകരും 700 അനദ്ധ്യാപകരും ബോർഡിന്‍റെ കീഴിൽ പ്രവര്‍ത്തിക്കുന്നുണ്ട്.


