റിയാദ് ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. 

റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസി അങ്കണത്തില്‍ രാവിലെ എട്ടിന് അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങിനെ അംബാസഡര്‍ അഭിസംബോധന ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദേശം അദ്ദേഹം വായിച്ചു. 

ഈ വര്‍ഷം പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച ഡോ. അൻവർ ഖുര്‍ഷിദിനെ ആദരിച്ചു. ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ദേശഭക്തി ഗാനങ്ങളും അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് പ്രശംസാപത്രം അംബാസിഡര്‍ സമ്മാനിച്ചു.

ഡി.സി.എം അബു മാത്തന്‍ ജോര്‍ജ്, മറ്റു എംബസി ഉന്നത ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ സമൂഹപ്രതിനിധികള്‍ അടക്കം നൂറുകണക്കിന് പേര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇന്ന് വൈകീട്ട് ഏഴുമണിക്ക് റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഡിപ്ലോമാറ്റിക് കള്‍ച്ചറല്‍ പാലസില്‍ അംബാസഡര്‍ മറ്റു രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍, സൗദി പൗര പ്രമുഖര്‍, ഇന്ത്യന്‍ സമൂഹത്തിലെ പ്രധാന വ്യക്തികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് വിരുന്ന് ഒരുക്കിയിട്ടുണ്ട്.

Read Also - സൗജന്യമായി ലഭിച്ച ടിക്കറ്റിലൊളിച്ച ഭാഗ്യം, പരിശ്രമം വെറുതെയായില്ല; പ്രവാസിയുടെ കയ്യിലെത്തുക കോടികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം