ജബൽ അഖ്ദറിൽ മാർച്ച് മുതലാണ് റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. ഇത് മെയ് മാസം വരെ തുടരും

മസ്കറ്റ്: ഒമാനിലെ ദാഖിലിയ ​ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ റോസാപ്പൂ വിളവെടുപ്പിന് തുടക്കമായതായി പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. കണ്ണെത്താ ദൂരത്തോളം പൂത്തലഞ്ഞു നിൽക്കുന്ന റോസാപ്പൂക്കൾ കണ്ണിന് കുളിർമയെകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ സുന്ദര ദൃശ്യം കാണാനും വിളവെടുപ്പ് സീസൺ അടുത്തറിയാനുമായി നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. 

ജബൽ അഖ്ദറിൽ മാർച്ച് മുതലാണ് റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. ഇത് മെയ് മാസം വരെ തുടരും. ഏകദേശം 7 മുതൽ 10 ഏക്കർ വിസ്തൃതിയിലാണ് ഇവിടെ റോസാപ്പൂക്കൾ കൃഷി ചെയ്യുന്നത്. 5000ൽ പരം പനിനീർ ചെടികളുണ്ടെന്നാണ് ഔദ്യോ​ഗിക കണക്കുകൾ. ഇവിടങ്ങളിൽ നിന്നും വിളവെടുക്കുന്ന റോസാപ്പൂക്കൾ ഭക്ഷണം, പാനീയങ്ങൾ എന്നിവയിലെ പ്രധാന ഘടകമാണ്. പരമ്പരാ​ഗതമായ ഒമാനി കോഫി ഉണ്ടാക്കുന്നതിലും റോസാപ്പൂക്കൾ ഉപയോ​ഗിക്കാറുണ്ട്. ക്രീമുകൾ, സോപ്പ് തുടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണത്തിനായും ഈ പൂക്കൾ ഉപയോ​ഗിച്ചു വരുന്നു. റോസാപ്പൂക്കളുടെ അവശിഷ്ടങ്ങൾ രാസവള നിർമാണത്തിനും ഉപയോ​ഗിക്കാറുണ്ട്. 

രാവിലെയും വൈകുന്നേരവുമാണ് ഇവിടെ പൂക്കൾ ശേഖരിക്കുന്നത്. പൂക്കളുടെ തനിമയും ​ഗുണമേന്മയും നിലനിർത്താനാണ് വിളവെടുപ്പിന് ഈ സമയം തിരഞ്ഞെടുക്കുന്നത്. പുലർച്ചെ സൂര്യോദയത്തിന് മുൻപും വൈകുന്നേരം നാലര മുതൽ ആറു വരെയുമാണ് പൂക്കൾ ശേഖരിക്കുന്നത്. ജബൽ അഖ്ദറിലെ കർഷകർ പരമ്പരാ​ഗതമായി റോസാപ്പൂ കൃഷി നടത്തിവരുന്നവരാണ്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇവിടുത്തെ കഴിഞ്ഞ വർഷത്തെ റോസാപ്പൂക്കളുടെ ഉൽപ്പാദനം 20 ടൺ ആയിരുന്നു. മുൻ വർഷങ്ങളിൽ നിന്നുമുള്ള ​ഗണ്യമായ വർധനവ് പ്രകടമായിരുന്നു. ഇവിടെ നിന്നും നിർമിക്കപ്പെടുന്ന റോസ് വാട്ടറിന് അന്താരാഷ്ട്ര വിപണിയിലടക്കം വൻ ആവശ്യക്കാരാണുള്ളത്.

read more: ഭാ​രം കു​റക്കാനും സൗന്ദര്യം കൂട്ടാനുമുള്ളതടക്കം നിരവധി ഉൽപ്പന്നങ്ങൾ കരിമ്പട്ടികയിൽ; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ