കുവൈത്ത് സിറ്റി: ഹെല്‍ത്ത് സെന്ററില്‍ ജീവനക്കാരനും മെഡിക്കല്‍ പരിശോധനയ്ക്കെത്തിയ പ്രവാസിയും തമ്മില്‍ സംഘര്‍ഷം. ഹവല്ലി ഗവര്‍ണറേറ്റിലാണ് ആശുപത്രി യുദ്ധക്കളമായ സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രി ജീവനക്കാരനായ സ്വദേശിയും പരിശോധനയ്ക്കെത്തിയ പ്രവാസിയും തമ്മിലുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങളില്‍ കലാശിച്ചത്.

അടിപിടിയില്‍ ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ ഹെല്‍ത്ത് സെന്ററിലെ ഫ്രണ്ട് ഡസ്‍ക്കിലെ ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്‍തു. ആശുപത്രി ജീവനക്കാരാണ് സുരക്ഷാ വകുപ്പുകളെ വിവരമറിയിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജീവനക്കാരനെ ഡിസ്ട്രിക്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രവാസിയെ മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തര്‍ക്കത്തിലേക്ക് നയിച്ച കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.