റിയാദ്: ദേശീയദിനാഘോഷ ലഹരിയിൽ സൗദി. എൺപത്തൊൻപതാം ദേശീയ ദിനം വിപുലമായ പരിപാടികളോടെയാണ് രാജ്യത്തുടനീളം കഴിഞ്ഞദിവസം ആഘോഷിച്ചത്.

89-ാം ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് സൗദി എന്റർടൈന്‍മെന്റ് അതോരിറ്റി ഒരുക്കിയിരുന്നത്. തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും വിപുലമായ പരിപാടികളാണ് ദേശീയദിനത്തോടനുബന്ധിച്ചു നടന്നത്. പരമ്പരാഗത കലാരൂപങ്ങൾ ഉൾപ്പെടെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ വിവിധ സ്ഥലങ്ങളിൽ അരങ്ങേറി. കടലിലും കരയിലുമായി നടന്ന ആഘോഷ പരിപാടികളിൽ വിവിധ സുരക്ഷാ സേനകളും പങ്കെടുത്തു.

രാജ്യത്തെ വിവിധ പാർക്കുകളിലും കോർണിഷുകളിലും ആകാശത്തു വർണ്ണ വിസ്മയം തീർത്ത കരിമരുന്നു പ്രയോഗവും ആഘോഷത്തിന്റെ മാറ്റുകൂട്ടി. ആഘോഷ ലഹരിയിൽ നിരവധി വിദേശികളും പങ്കുചേർന്നു. ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.